Author: News Admin
വർക്കല: ആറ്റിങ്ങൽ സ്വദേശിയായ യുവാവ് വർക്കലയിൽ ചെറുന്നിയൂർ കട്ടിംഗ് ഭാഗത്ത് ട്രെയിൻ തട്ടി മരിച്ചു. ആറ്റിങ്ങൽ കൊട്ടിയോട് ശ്രുതിലക്ഷ്മി ഭവനിൽ നവീൻ(22) ആണ് ട്രെയിൻ തട്ടിമരിച്ചത്.വിവരമറിഞ്ഞെത്തിയ വർക്കല പോലീസ് മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർ നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കിണർ ഉറ വാർക്കുന്ന പണിയാണ് നവീൻ ചെയ്യുന്നത്.
വർക്കല: വർക്കല നഗരസഭയിലെ 25-ാം വാർഡ് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിമുക്ത സമൂഹത്തിനായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ‘ലഹരിമുക്ത സമൂഹത്തിനായി നമുക്ക് കൈകോർക്കാം’ എന്ന സന്ദേശവുമായി ഒക്ടോബർ 10-ന് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജാഗ്രതാ സമിതി യോഗവും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു. വാർഡ് കൗൺസിലർ പ്രേമകുമാരി അധ്യക്ഷത വഹിച്ചു. വിമൻ ഫെസിലിറ്റേറ്റർ അനു സുനിൽ സ്വാഗതം ആശംസിച്ചു. നാവായിക്കുളം റേഞ്ച് ഓഫീസർ ഷിജിന ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വർക്കല: ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന 17 വയസ്സുകാരനായ വിദ്യാർത്ഥി അന്തരിച്ചു. വിളഭാഗം വലയൻകുഴിയിൽ ശ്രീലകത്തിൽ രാജേഷ്–ശ്രീഷ ദമ്പതികളുടെ മകൻ ചിക്കു എന്ന് വിളിക്കുന്ന സൂര്യനാരായണൻ (17) ആണ് മരിച്ചത്. സഹോദരി സൂര്യഗായത്രി.ഒക്ടോബർ 10-നാണ് അന്ത്യം സംഭവിച്ചത്.
വർക്കല: പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിന്റെ വിരോധത്തിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി തകർക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ വർക്കല ശിവഗിരി സ്വദേശി ബോബി (22)ക്കെതിരെ കൊല്ലം സ്വദേശിനിയായ യുവതി വർക്കല പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം ട്രെയിനിലും റെയിൽവേ പ്ലാറ്റ്ഫോമിലും നടന്നതിനാൽ കേസ് തിരുവനന്തപുരം റെയിൽവേ പോലീസിന് കൈമാറി. കഴിഞ്ഞ ഒൻപതിന് രാത്രി തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് അമൃത എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ പ്രതി നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും യുവതി ഫോൺ എടുത്തില്ലെന്നാണ് പരാതിയിൽ പറയുന്നത്. രാത്രി 9.30-ഓടെ ട്രെയിൻ വർക്കല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ വിൻഡോ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന യുവതിയെ പ്ലാറ്റ്ഫോമിൽനിന്ന് പ്രതി തോളിൽ തട്ടി വിളിച്ചുണർത്തി ഫോൺ എടുക്കാത്തതിനെക്കുറിച്ച് ചോദ്യം ചെയ്തതായാണ് ആരോപണം. വിളിക്കുമ്പോൾ ഫോൺ എടുക്കേണ്ട ആവശ്യമില്ലെന്ന് യുവതി മറുപടി നൽകിയതോടെ പ്രതി പ്രകോപിതനായി അസഭ്യം പറയുകയും കഴുത്തിൽ ശക്തിയായി ഇടിക്കുകയും ചെയ്തെന്നാണ്…
കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് സിദ്ധിവിലാസത്തിൽ ഷാൻ–അനീഷ ദമ്പതികളുടെ മകൾ സിദ്ദി (16)യെ Siddhy വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാപിതാക്കൾ നിയമപരമായി വേർപിരിഞ്ഞതിനെ തുടർന്ന് സിദ്ദി മാതാവ് അനീഷയോടൊപ്പമായിരുന്നു താമസം. സ്കൂളിൽനിന്ന് വിനോദയാത്ര പോകുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ വിലക്കിയിരുന്നതായി അടുത്ത ബന്ധുക്കൾ പറഞ്ഞു. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ അമ്മ കത്രിക ഉപയോഗിച്ച് കയർ മുറിച്ചുമാറ്റി കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. കടയ്ക്കാവൂർ പോലീസ് തുടർ നിയമനടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാത്രി 8.40 ഓടു കൂടിയായിരുന്നു സംഭവം ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ജീവിതം വിലപ്പെട്ടതാണ്; പ്രതിസന്ധികൾ താൽക്കാലികമാണ്. ജീവിതത്തിൽ എത്ര വലിയ വിഷമങ്ങളോ പ്രതിസന്ധികളോ നേരിട്ടാലും ആത്മഹത്യയല്ല പരിഹാരം. മനസ്സിലുള്ള വിഷമങ്ങൾ വിശ്വസിക്കുന്നവരുമായി പങ്കുവയ്ക്കുക. മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ, കൗൺസിലർമാർ എന്നിവരുടെ സഹായം തേടുക.…
ആറ്റിങ്ങൽ: സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രതിമോൾ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’യുടെ പ്രകാശനം ആറ്റിങ്ങലിൽ നടന്നു. സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ഉണ്ണി ആറ്റിങ്ങൽ പുസ്തകം പ്രകാശനം ചെയ്തു. കവിയും നാടകപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം പുസ്തകം ഏറ്റുവാങ്ങി.സാഹിത്യ പബ്ലിക്കേഷൻസിന്റെ മാനേജിങ് എഡിറ്റർ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രേം മധുസൂദനൻ പുസ്തകം പരിചയപ്പെടുത്തി. ലോഹിദാസ് എസ്., ശാന്തകുമാരി അമ്മ, രശ്മി മൂത്തേടത്ത്, മണികണ്ഠൻ ജി. എസ്., ദിലീപ് പ്രസാദ് സുരേന്ദ്രൻ, ദിനശ്രീ സുചിത്തൻ, കൃഷ്ണ ടി. എസ്., എം. ജി. മനോജ്, അക്ഷര രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.
വർക്കല(ഇടവ): സമൂഹത്തിലെ എല്ലാവരെയും ഒരുപോലെ കാണുകയും ജനങ്ങളോട് പ്രതിബദ്ധതയും സ്നേഹാദരവും പുലർത്തുകയും ചെയ്യുന്നതാണ് ഒരു പൊതുപ്രവർത്തകനും ജനപ്രതിനിധിക്കും വേണ്ട ഏറ്റവും വലിയ ഗുണമെന്ന് ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ പറഞ്ഞു. അങ്കണവാടി അധ്യാപകർ, ആശാപ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ ഗ്രാമീണ മേഖലയിലെ ദൈനംദിന പ്രവർത്തനങ്ങളിലും വികസനപ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിക്കുന്നവരാണ്. സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന ഇവർ ആദരിക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു മാസത്തെ സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി ഇടവ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ സംഘടിപ്പിച്ച സ്നേഹാർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് മെമ്പർ സി. രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ വെൺകുളം എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. പ്രമുഖ നാടകകൃത്തും നടനും സംവിധായകനുമായ വി.ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി. രവീന്ദ്രൻ നായർ, ബിജെപി വർക്കല നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിൻ, ഇടവ മണ്ഡലം പ്രസിഡന്റ് ബി. സ്മിത്ത്, ജനറൽ…
കല്ലമ്പലം: അടിയന്തര സാഹചര്യങ്ങളിൽ സമയോചിതമായി ഇടപെട്ട് ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക പരിശീലനം നൽകാൻ കല്ലമ്പലത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കായി ജീവൻരക്ഷാ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കല്ലമ്പലം–വർക്കല റോഡിലെ റോയൽ ക്ലിനികിൻ്റേയും, കല്ലമ്പലം ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ ഘടകം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രാഥമിക ജീവൻരക്ഷാ പരിശീലനത്തിന്റെ (ബി.എൽ.എസ്.) ഭാഗമായി ഹൃദയസ്തംഭനമുണ്ടാകുന്ന സാഹചര്യങ്ങളിൽ നൽകേണ്ട സി.പി.ആർ., റോഡപകടങ്ങൾ, മുങ്ങിമരണ സാധ്യതയുള്ള സാഹചര്യങ്ങൾ, ഹൃദയാഘാതം, അപസ്മാരം, അമിത രക്തസ്രാവം, തൊണ്ടയിൽ ഭക്ഷണം കുടുങ്ങൽ, വൈദ്യുതാഘാതം, പൊള്ളൽ എന്നിവയുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട അടിയന്തര പ്രഥമശുശ്രൂഷാ നടപടികൾ എന്നിവയിൽ പരിശീലനം നൽകും. പൊതുജനങ്ങളുമായി നിരന്തരം ഇടപഴകുകയും രാവും പകലും യാത്രാസേവനം നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായി ഇടപെടാനുള്ള അറിവും പ്രായോഗിക പരിചയവും നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. അപകടങ്ങളിലോ മറ്റ് അത്യാഹിതങ്ങളിലോ പെടുന്നവർക്ക് പ്രാഥമിക സഹായം നൽകുന്നതിനും…
ആറ്റിങ്ങൽ: ആലംകോട് മണ്ണൂർഭാഗത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർഭാഗം സരിത ഭവനിൽ സുനിൽ–സരിത ദമ്പതികളുടെ മകൾ സംവൃത സുനിലാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നോടെ ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ മാതാവ് സരിതയും ഇളയ മകനും സംവൃതയുടെ മുറി തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു സംവൃത.
വർക്കല: ലോക ത്രോംബോസിസ് ദിനാചരണത്തിന്റെ ഭാഗമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ വെരിക്കോസ് വെയിൻ പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ആശുപത്രി അങ്കണത്തിലാണ് ക്യാമ്പ്.വെരിക്കോസ് വെയിൻ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ പരിശോധനകൾ നടത്തുന്നതിനും ക്യാമ്പ് ലക്ഷ്യമിടുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 91884 57079 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.