Author: News Admin
ആറ്റിങ്ങൽ : സിപിഎം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറിയായി ആർ.സുഭാഷിനെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി എം.പ്രദീപ് നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെത്തുടർന്നാണ് സുഭാഷിനെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ആർ.സുഭാഷ്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാകൗൺസിൽ അംഗം, ജില്ലാപ്പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ : ഹരിതകേരള മിഷന്റെ ജനകീയ വൃക്ഷവത്കരണ കാംപെയ്‌നായ ഒരു തൈ നടാം പദ്ധതി ജില്ലയിൽ മികച്ച രീതിയിൽ നടപ്പാക്കിയ സ്കൂളിനുള്ള പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്. സ്കൂളിലെ വിദ്യാർഥിപ്പോലീസ് യൂണിറ്റാണ് പദ്ധതി നടപ്പാക്കിയത്. ആയിരത്തോളം വൃക്ഷത്തൈകളാണ് സ്കൂളിലെത്തിച്ച് വിതരണം നടത്തിയത്. വർക്കലയിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ കെ.എം. ലാജി പുരസ്കാരം വിതരണം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി, ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ സി. അശോക്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ എന്നിവർ പങ്കെടുത്തു.
വർക്കല : വർക്കലയിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കൊടൈക്കനാൽ അന്ന നഗർ 4/ 101-6-ൽ സുലൈമാന്റെ മകൻ ദാവൂദ് ഇബ്രാഹിം(26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ മിഡിൽ ക്ലിഫിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിലാണ് മരിച്ചനിലയിൽ കണ്ടത്. കൊടൈക്കനാലിൽനിന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന 40-ഓളം പേരുള്ള സംഘത്തോടൊപ്പമാണ് വിനോദയാത്രയുടെ ഭാഗമായി ദാവൂദ് ഇബ്രാഹിം വർക്കലയിലെത്തിയത്. ഇവർ താമസിച്ചുവന്ന റിസോർട്ടിലെ നീന്തൽക്കുളത്തിലാണ് കുളിക്കാനിറങ്ങിയത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് റിസോർട്ട് ജീവനക്കാർ കണ്ടത്. ദാവൂദിനെ ഉടൻ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. കുളിക്കുന്നതിനിടെ ജന്നി വന്നതാകാമെന്ന് സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം ഉറപ്പിക്കാനാകൂവെന്ന് പോലീസ് അറിയിച്ചു. മരണപ്പെട്ട ദാവൂദ് ഇബ്രാഹിം കൊടൈക്കനാലിലെ ഒരു മൊബൈൽഷോപ്പിൽ മാനേജരായിരുന്നു.
വർക്കല : തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കൾ വർക്കല പാപനാശത്തു നിന്നും ടൂറിസം പോലീസിന്റെ പിടിയിലായി.കോയമ്പത്തൂർ കോവൈ സ്വദേശികളായ 22 വയസ്സുള്ള ശരവണൻ, 24 വയസ്സുള്ള ഗോകുൽ ദിനേശ് എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം 7:40 ന് പാപനാശത്തു നിന്നും ടൂറിസം പോലീസിന്റെ പിടിയിലായത്. വൈകുന്നേരം നൂറുകണക്കിന് വിനോദസഞ്ചാരികൾ പാപനാശത്ത് എത്തുന്ന തിരക്കേറിയ സമയത്ത് പ്രതികൾ രണ്ടുപേരുടെയും നടത്തത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് ഇവരെ പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവരങ്ങൾ അന്വേഷിച്ചു. പരസ്പര വിരുദ്ധമായ മറുപടികളിലൂടെ ഇവരിൽ സംശയം തോന്നുകയും , പ്രതികളെ വർക്കല പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് പ്രതികളുടെ ഫോട്ടോ കോയമ്പത്തൂർ പോലീസ് സ്റ്റേഷനിൽ കൈമാറുകയും അവർ പ്രതികളെ തിരിച്ചറിയുകയുമായിരുന്നു . നിരവധി മോഷണ കേസുകളും, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും പ്രതികളായ ഇവർക്കു വേണ്ടി കോയമ്പത്തൂർ പോലീസ് വ്യാപകമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് പ്രതികൾ വർക്കല പോലീസിന്റെ പിടിയിലാകുന്നത്. പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നതിനായി…
വർക്കല: മരക്കടമുക്ക് ഗുരുക്ഷേത്രത്തിലെ മണ്ഡലകാലാഘോഷങ്ങളുടെ ഭാഗമായി നവംബർ 17-ന് ശാസ്‌താസൂക്ത ഹോമം നടക്കും. ഇതിനോടനുബന്ധിച്ചുള്ള വിഗ്രഹഘോഷയാത്ര നവംബർ 16-ന് വൈകുന്നേരം 5 മണിയോടെ ആരംഭിക്കും. അയ്യപ്പന്റെയും, ഗണപതിയുടെയും വിഗ്രഹങ്ങൾ വർക്കല ജനാർദ്ധനപുരം കുളത്തുപ്പുഴ ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നാണ് എത്തിക്കുക. പൂജകൾക്ക് ശേഷം ആന, വാജി വാഹനം, കാലാൾപട എന്നിവയുടെ അകമ്പടിയോടെയാണ് വിഗ്രഹങ്ങൾ ഗുരുക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി എത്തുന്നത് . ക്ഷേത്രത്തിൽ കതിന മുഴക്കി ആരതിയോടെ ദേവവിഗ്രഹങ്ങളെ സ്വീകരിക്കും. നവംബർ 17-ന് രാവിലെ 8 മുതൽ 8.20 വരെ ശുഭമുഹൂർതത്തിൽ മിഴിതുറക്കൽ ചടങ്ങ് നടക്കും. തുടർന്ന് 8.30-ന് ഗണപതി ഹോമത്തോടെ ശാസ്‌താസൂക്ത ഹോമം ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് ശ്രീമതി ഉഷാ വിശ്വനാഥിന്റെ സംഗീത കച്ചേരിയും തുടർന്ന് ദീപാരാധനയും നടക്കും. രാത്രി 7 മുതൽ ശ്രീ അയ്യപ്പ ഭജന, 108 നാളികേര നീരാജനം, കെട്ട് നിറ എന്നിവയും 10 മണിക്ക് ഹരിവരാസനത്തോടുകൂടി ദിവസത്തെ ചടങ്ങുകൾ സമാപിക്കും.
വർക്കല ∙ വർക്കല വിളബ്ഭാഗം തെങ്ങുവിളവീട്ടിൽ അനില (54)യാണ് ചികിത്സയിലിരിക്കെ മരിച്ചത് .ബുധനാഴ്ച രാവിലെ 9.15 നായിരുന്നു അപകടം. വിളബ്ഭാഗം ഷാപ്പുമുക്കിൽ നിന്ന് വലയൻ്റെകുഴി ഭാഗത്തേക്ക് ബുള്ളറ്റിൽ യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് പിൻസീറ്റിൽ ഇരുന്ന് അനില റോഡിലേക്ക് തെറിച്ചു വീണാണ് അപകടം. റോഡിൽ നിർമ്മിച്ചിരുന്ന ഹംബിൽ കയറിയ ബുള്ളറ്റ് നിയന്ത്രണം വിടുകയും, പിന്നിൽ ഇരുന്ന അനില റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരാവസ്ഥയിൽ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിലയുടെ മകളുടെ ഭർത്താവ് ശ്രീജു ആയിരുന്നു വാഹനമോടിച്ചിരുന്നത് . സംഭവത്തിൽ വർക്കല പൊaലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മാർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണപ്പെട്ട അനില ആറ്റിങ്ങൽ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരിയാണ്. ഭർത്താവ്: ഗിരീഷ്, മക്കൾ: രേഷ്മ,ശ്രീലക്ഷ്മി, മരുമക്കൾ: ശ്രീജു, വിജിൻ.
വർക്കല ടൂറിസം മേഖലയിൽ ദമ്പതിമാരെ ഉപദ്രവിക്കാൻ ശ്രമിച്ചതിൽ പിടിയിലായത് ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി വർക്കല: ടൂറിസ്റ്റ് കേന്ദ്രമായ വർക്കല നോർത്ത്‌ക്ലിഫ് സമീപത്ത് ദമ്പതിമാരെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ടൂറിസം പൊലീസ് പിടികൂടി. ചങ്ങനാശ്ശേരി NSS ഹോസ്പിറ്റ ലിനു സമീപം തോട്ടുപറമ്പിൽ വീട്ടിൽ 25 വയസുള്ള അമൽ ബൈജു ആണ് വർക്കല പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശികളും വർക്കല യിൽ താമസക്കാരുമായ ദമ്പതികൾ ഞായറാഴ്ച്ച രാത്രി 11 മണിയോടെ നോർത്ത്‌ക്ലിഫ് ഭാഗത്തെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് സംഭവം നടന്നത്. ഏതോ ലഹരിയിലായിരുന്ന പ്രതി, വീട്ടമ്മയെ റൂമിലേക്കു ക്ഷണിച്ചു കൊണ്ട് കയ്യിൽ പിടിച്ച് വലിച്ചതായാണ് പരാതി. സംഭവം കണ്ട ഭർത്താവ് എതിർത്തതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. ഭർത്താവ് ഉടൻ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഇരുട്ടിന്റെ മറവിൽ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമൽ ബൈജുവിനെ പോലീസ് പിടികൂടിയത്. വർക്കല പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ…
വർക്കല: കാപ്പിൽ ബീച്ചിൽ സ്കൂബ ഡൈവിംഗിന് എത്തിയ പെൺകുട്ടികളെ വെള്ളത്തിനടിയിൽ വച്ച് പരിശീലകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. തിരുവനന്തപുരത്തെ പ്രമുഖ വിദ്യാലയത്തിലെ NCC കേഡറ്റുകളായ പെൺകുട്ടികളെ പരിശീലനത്തിന്റെ ഭാഗമായി അഡ്വഞ്ചർ വാട്ടർ സ്പോർട്സ് ഇനമായ സ്കൂബ ഡൈവിംഗിനായി വർക്കല കാപ്പിൽ ബീച്ചിൽ എത്തിച്ചപ്പോൾ ആയിരുന്നു സംഭവം. സ്കൂബ ഡൈവിംഗ് പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ കടലിനുള്ളിൽ വെള്ളത്തിനടിയിൽ വച്ച് പരിശീലകൻ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കടന്നുപിടിച്ച് മാനഹാനി സംഭവിപ്പിച്ചു എന്നാണ് കേസ്. സമാനമായ രീതിയിൽ മറ്റു പെൺകുട്ടികളോടും പരിശീലകൻ പെരുമാറിയതായി പരസ്പരം വിവരങ്ങൾ കൈമാറിയതിനെ തുടർന്ന് പെൺകുട്ടികൾക്ക് മനസ്സിലായി. പരിശീലകനായ എയർഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി നൽകാൻ മാനഹാനി ഭയന്ന് മറ്റു പെൺകുട്ടികൾ തയ്യാറായില്ലെങ്കിലും രണ്ടു പെൺകുട്ടി കളുടെ രക്ഷിതാക്കൾ പരാതി നൽകാൻ തന്നെ തീരുമാനിച്ചു.രക്ഷിതാക്കളോടൊപ്പം പെൺകുട്ടികൾ പൂജപ്പുര പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും അവിടെ മൊഴി രേഖപ്പെടുത്തു കയും ചെയ്തു. സംഭവം നടന്നത് കാപ്പിൽ ബീച്ചിൽ ആയതിനാൽ കേസ് അയിരൂർ പോലീസ് സ്റ്റേഷനിലേക്ക്…
ആറ്റിങ്ങൽ: മുദാക്കൽ പൊയ്കമുക്ക് ലക്ഷ്മിവിള കുന്നിൻപുറത്ത് ‘ബിജിഭവനിൽ ബേബി (66) യെ വീട്ടിലെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മകൻ ബിജുവിന്റെ ആരോഗ്യപ്രശ്നങ്ങൾ ദീർഘകാലമായി ഭേദമാകാതിരുന്നതിൽ മനംനൊന്താണ് ബേബി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ വിവരം അറിഞ്ഞതിനെ തുടർന്ന് ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: വസന്ത, മക്കൾ: ബിജു,ബിജി. മരുമകൻ: ബൈജു.
വർക്കല: സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വർക്കല റോട്ടറി ക്ലബ് ഗവൺമെൻറ് ആയുർവേദ ആശുപത്രിക്ക് ഒരു ടെലിവിഷനും പത്ത് കസേരകളും സംഭാവനയായി നൽകി. ആശുപത്രി സന്ദർശകരുടെ സൗകര്യം വർധിപ്പിക്കുന്നതിനായുള്ള ഈ സഹായം നാട്ടുകാരുടെ പ്രശംസ നേടി. സംഭാവന കൈമാറ്റച്ചടങ്ങ് സീനിയർ റോട്ടറിയൻ പ്രൊഫ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശർമദ് ഖാൻ (MD) പങ്കെടുത്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ഗ്യാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റോട്ടറിയൻ സജി ചന്ദ്രലാൽ, ട്രഷറർ വിജയൻ എന്നിവർ സംസാരിച്ചു. അംഗങ്ങളായ ലൈജു അപ്പുക്കുട്ടൻ, രാജേന്ദ്രൻ, ബോബി സുഗുണൻ, പ്രസന്നകുമാർ, ശിവകുമാർ എന്നിവർ പങ്കെടുത്തു. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ വർക്കല റോട്ടറി ക്ലബ്ബിന്റെ ഈ ഇടപെടലിനെ ആശുപത്രി അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.