തിരുവനന്തപുരം: വർക്കല നഗരസഭ ചെയർമാൻ കെ. എം. ലാജിയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി അസാധുവാക്കി. 2020-ൽ നടന്ന വർക്കല നഗരസഭാ തിരഞ്ഞെടുപ്പിൽ 15-ാം വാർഡിൽ നിന്ന് വിജയിച്ച് ചെയർമാനായ ലാജിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി ജോസ് എൻ. സിറിൽ പ്രസ്താവിച്ചു.
നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ചാണ് എതിർ സ്ഥാനാർത്ഥി പി. ജയശങ്കർ നൽകിയ കേസ്.

തിരഞ്ഞെടുപ്പ് സമയത്ത് കെ. എം. ലാജി എൽ.ഐ.സി. ഏജന്റും വർക്കല താലൂക്ക് അഗ്രിക്കൾച്ചറൽ റൂറൽ ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റുമായിരുന്നുവെന്നാണ് കേസ്. ഓണറേറിയവും മറ്റ് അലവൻസുകളും ലഭിച്ചിരുന്നതായി പരാതിയിൽ ആരോപിക്കുന്നു. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച ഫോം 2എയിൽ ഈ വരുമാനവിവരങ്ങൾ മറച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നു.
ആദ്യം വർക്കല മുൻസിഫ് കോടതിയിൽ സമർപ്പിച്ച തിരഞ്ഞെടുപ്പ് കേസ് തള്ളിയിരുന്നെങ്കിലും, അതിനെതിരായ അപ്പീലിലാണ് നിലവിലെ വിധി. പരാതിക്കാരനു വേണ്ടി അഡ്വ. സുനിൽ കടയ്ക്കാവൂർ കോടതിയിൽ ഹാജരായി.
