വർക്കല: മുത്താനയിൽ പ്രജി (35) എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കേസിലെ പ്രതികളായ ഗൗരികൃഷ്ണൻ (19), അമ്പാടി (20) എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി എത്തിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 5.45 ഓടെ വർക്കല ഡിവൈ.എസ്.പി. രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതികളെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചത്. കല്ലമ്പലം, വർക്കല പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള അഞ്ച് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പോലീസ് സംഘം സ്ഥലത്തെത്തിയത്.
പോലീസിന്റെ ചോദ്യം ചെയ്യലിൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതികൾ വിശദീകരിച്ചു. തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടി. കൊല്ലപ്പെട്ട പ്രജിയുടെ ബന്ധുക്കൾ പ്രതികൾക്കെതിരെ പ്രതിഷേധിക്കുകയും അലറിവിളിക്കുകയും ചെയ്തു.
മേശപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന പ്രജി വിവാഹിതനും നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു.വേഗത്തിൽ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ പോലീസ് പ്രതികളുമായി സ്ഥലത്തുനിന്ന് മടങ്ങി. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതും പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
