ചിറയിൻകീഴ് : മരണത്തിന്റെ നിറമാണ് മുതലപ്പൊഴിയിലെ തിരകൾക്ക്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ഇത് എട്ടാമത്തെ അപകടമാണ് തിങ്കളാഴ്ച മുതലപ്പൊഴിയിലുണ്ടായത്. ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 66 പേരാണ് മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽപ്പെട്ട് മരിച്ചത്. ഒടുവിലത്തെ പേരുകളാണ് അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ, ചിറയിൻകീഴ് കടകം സ്വദേശി ജോസഫ് എന്നിവരുടേത്. എന്നാൽ, ദുരന്തങ്ങൾക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനല്ലാതെ, മറ്റൊന്നിനും കഴിയാത്ത ദുർഗതിയിലാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികൾ. പൊഴിമുഖത്തെ മണൽ പൂർണമായും നീക്കാനാകാത്തതാണ് തിരയടി ശക്തമാകാൻ കാരണം. അപകടത്തിൽപ്പെടുന്നവരെല്ലാം നീന്തിയും മറ്റ് വള്ളങ്ങളിലുമായാണ് രക്ഷപ്പെടുന്നത്. വള്ളം അഴിമുഖത്തെ മണലിൽ ഉറച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
പൊഴിമുഖത്തെ മണൽ പൂർണമായും നീക്കാനാകാത്തതാണ് തിരയടി ശക്തമാകാൻ കാരണം. മണൽനീക്കാൻ കൊണ്ടുവന്ന ചന്ദ്രഗിരി ഡ്രജ്ജറിന്റെ കേടുപാടുകൾ തീർക്കാനാകാത്തതും കടൽ പ്രക്ഷുബ്ധമായതും മണൽനീക്കം പാളി. കാലവർഷം ആരംഭിച്ചതോടെ അഞ്ചുതെങ്ങ് കായൽജലം മണൽത്തിട്ടകടന്ന് കടലിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ ചെറുവള്ളങ്ങൾ കടലിൽ പോയിത്തുടങ്ങി. ട്രോളിങ് നിരോധനം അവസാനിച്ചതോടെ കൂടുതൽ വള്ളങ്ങൾ മുതലപ്പൊഴിയിലൂടെ മീൻപിടിത്തത്തിന് പോകുന്നുണ്ട്. തിങ്കളാഴ്ച അപകടത്തിൽപ്പെട്ട വള്ളത്തിൽ എത്ര തൊഴിലാളികളുണ്ടായിരുന്നുവെന്നതുപോലും ആദ്യം അറിയാൻ കഴിഞ്ഞില്ല.
കടലിൽ തെറിച്ചുവീണ മൂന്നുപേരെയാണ് ആദ്യം മറ്റു വള്ളക്കാർക്ക് കണ്ടെത്താനായത്. അവരെ തീരത്തെത്തിച്ചപ്പോഴാണ് ഇനിയും രണ്ടുപേർകൂടി ഉണ്ടെന്ന വിവരം അറിയുന്നത്. അവരും രക്ഷപ്പെട്ടുവെന്ന വാർത്ത പിന്നീട് അറിയുംവരെ രണ്ടുമണിക്കൂറിലേറെ തീരം ആശങ്കയുടെ മുൾമുനയിൽ നിന്നു. തീരത്തെത്തിയ രണ്ടുപേർ മരണപ്പെട്ടുവെന്നത് ഇതിനിടയിൽ അറിഞ്ഞതോടെ അടക്കിപ്പിടിച്ച വിങ്ങലുമായി മത്സ്യത്തൊഴിലാളികൾ തീരത്തു കൂടിനിന്നു.
