മുതലപ്പൊഴി: അപകട മേഖലയായ മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ഫിഷറീസ് വകുപ്പ് മന്ത്രി സ്ഥലം സന്ദർശിച്ചു. മുതലപ്പൊഴിയിലെ സുരക്ഷാ പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേന്ദ്ര ജല-വൈദ്യുത ഗവേഷണ സ്ഥാപനമായ CWPRS-ന്റെ സാങ്കേതിക സംഘം ജൂലൈ മാസത്തിൽ വീണ്ടും പ്രദേശം സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു.സാങ്കേതിക സമിതിയുടെ സന്ദർശനവേളയിൽ മത്സ്യത്തൊഴിലാളികളുടെ നിർദേശങ്ങളും ആശങ്കകളും നേരിട്ട് കേൾക്കുമെന്നും, അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കുന്നതിനായി വീണ്ടും യോഗം ചേരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതലപ്പൊഴിയിൽ ദിശാ ലൈറ്റ് മുന്നോട്ട് സ്ഥാപിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിൽ അനുകൂല നടപടി സ്വീകരിക്കും.
നിലവിൽ അഴിമുഖത്ത് മണൽ അടിഞ്ഞുകൂടുന്നത് വലിയ പ്രതിസന്ധിയായി തുടരുന്നതിനാൽ ഡ്രെഡ്ജിംഗ് അടിയന്തരമായി നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള ഡ്രെഡ്ജറുകൾക്ക് ശേഷിപരിമിതിയുള്ളതിനാൽ, മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ച് അദാനി ഗ്രൂപ്പിന്റെ കൂടുതൽ ശേഷിയുള്ള ഡ്രെഡ്ജർ ഉപയോഗിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിന്റെ സാങ്കേതിക, സാമ്പത്തിക വശങ്ങൾ പരിശോധിച്ചശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുലിമുട്ടിൽ നിന്ന് തകർന്നു അഴിമുഖത്തിൽ വീണുകിടക്കുന്ന കല്ലുകൾ അടിയന്തരമായി നീക്കം ചെയ്യാൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.സന്ദർശനത്തിൽ ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ്, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ സ്മിത ആർ. നായർ, ജോയിന്റ് ഡയറക്ടർമാരായ സതീഷ് കുമാർ എ.പി., അമ്പിളി ആർ., ഡെപ്യൂട്ടി ഡയറക്ടർമാരായ മുജീബ്, ഷീജ മേരി എ.പി., ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രാജേഷ് എസ്. നിബിൻ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. വിഷ്ണു രാജ് എന്നിവർ പങ്കെടുത്തു.
ഹാർബർ വകുപ്പ് ചീഫ് എൻജിനീയർ കെ.പി. വൈഗ, സൗത്ത് സോൺ സൂപ്രണ്ടിംഗ് എൻജിനീയർ ബി.എസ്. മായ, എക്സിക്യൂട്ടീവ് എൻജിനീയർ വിപിൻ വി., അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാകേഷ്, അസിസ്റ്റന്റ് എൻജിനീയർ ഹരികുമാർ എന്നിവരും ജനപ്രതിനിധികളായ ജോളി പത്രോസ് (പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ഗീത സുരേഷ് (ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ജസീം മഹാണി (ജില്ലാ പഞ്ചായത്ത് അംഗം), ജോസ് നിക്കോളാസ് (കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), സിന്ദു (ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), സിൻസി റൂബി (അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) എന്നിവരും പങ്കെടുത്തു.
മത്സ്യത്തൊഴിലാളി പ്രതിനിധികളായ വല്ലേരിയൻ ഐസക്, വർഗീസ് താഴമ്പള്ളി, ബിനു പീറ്റർ, നാസ് ഖാൻ, സജീബ് പുതുക്കുറിച്ചി, ഷഹിൻ ഷാ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
