കാട്ടാക്കട : വിദേശരാജ്യങ്ങളിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 25 കുട്ടികൾ. പാടവും കാടും കടലും കണ്ട് ആ കുട്ടിക്കൂട്ടം മടങ്ങിയത് വീണ്ടുമെത്തുമെന്ന പ്രതിജ്ഞയോടെ. കാട്ടാക്കട നിയോജകമണ്ഡലവും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക വിനിമയ പരിപാടിയായ ‘വേരുകൾ ചിറകുകൾ’ എന്ന ത്രിദിന സഹവാസ ക്യാമ്പാണ് വേറിട്ട അനുഭവമായത്.
വിദേശത്തുനിന്നെത്തിയ 25 മലയാളം മിഷൻ വിദ്യാർഥികൾ കാട്ടാക്കടയിലെ 25 കുട്ടികളുടെ വീടുകളിൽ താമസിച്ച് സഹ്യനിൽനിന്നു സാഗരംവരെ സഞ്ചരിക്കുന്ന നാടറിവ് യാത്രയാണ് വേരുകൾ ചിറകുകൾ എന്ന പരിപാടി. സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യരാണ് വിളപ്പിൽശാലയിൽ പരിപാടി ഉദ്ഘാടനം ചെയ്തത്. മന്ത്രി വി. ശിവൻകുട്ടിയും ആശംസനേരാനെത്തി.
കോട്ടൂർ ആനപരിപാലനകേന്ദ്രം, നെയ്യാർഡാം, നാഞ്ചല്ലൂർ പാടശേഖരം, അരുവിപ്പുറം, പൂവാർ, പൊഴിക്കര, ആഴിമല ശിവക്ഷേത്രം, വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങൾ സന്ദർശിച്ച കുട്ടിക്കൂട്ടം കോവളം ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെത്തി മൂന്നുദിവസത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് അടുത്ത ക്യാമ്പിനായുള്ള നിർദേശങ്ങളും പങ്കുവെച്ചു. വീണ്ടും ഇത്തരം അവസരം ഒരുക്കണമെന്ന അഭ്യർഥനയുമായാണ് മടങ്ങിയത്.
മേയർ ആര്യാ രാജേന്ദ്രൻ വില്ലേജിലെത്തി കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ ആവശ്യമനുസരിച്ച് വേരുകൾ ചിറകുകൾ സഹവാസ ക്യാമ്പുകൾ വരുംവർഷങ്ങളിലും തുടരുമെന്നും കൂടുതൽ കുട്ടികൾക്ക് അവസരം ഒരുക്കുമെന്നും സംഘാടകരായ ഐ.ബി. സതീഷ് എംഎൽഎയും മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും ഉറപ്പുനൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ക്യാമ്പ് ഡയറക്ടർ വിനോദ് വൈശാഖി പറഞ്ഞു.
