അഞ്ചുതെങ്ങ്: ഗ്രാമപഞ്ചായത്ത് പരിധിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി മീരാൻകടവ് മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെയുള്ള കുടിവെള്ള പൈപ്പിങ് പ്രവർത്തികൾ പുരോഗമിക്കുന്നു.
ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ അഞ്ച് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നതിനായി നടത്തുന്ന 450 മീറ്റർ ദൂരത്തെ പ്രധാന പൈപ്പിങ് പ്രവർത്തികൾ 90 ശതമാനത്തോളം പൂർത്തിയായി. 300 എംഎം വ്യാസമുള്ള ഡക്റ്റൈൽ അയൺ പൈപ്പുകൾ 1.4 മീറ്റർ താഴ്ചയിൽ സ്ഥാപിക്കുന്ന ജോലികൾക്കുശേഷം നിലവിൽ പ്രഷർ ടെസ്റ്റ് നടന്നുവരികയാണ്.
പ്രധാന പൈപ്പിനൊപ്പം വീടുകളിലേക്കുള്ള ജലവിതരണത്തിനായി റോഡിന്റെ ഇരുവശങ്ങളിലും 160 എംഎം പിവിസി പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തികളും ആരംഭിച്ചിട്ടുണ്ട്. പരിശോധനകൾ പൂർത്തിയാക്കിയശേഷം പൈപ്പുകൾ പ്രധാന ലൈനുമായി ബന്ധിപ്പിച്ച് ഗാർഹിക കണക്ഷനുകൾ ഒരുക്കുന്നതോടെ ഈ ഭാഗത്തെ പ്രവർത്തികൾ പൂർത്തിയാകും.
അതേസമയം, അഞ്ചുതെങ്ങ് ജംഗ്ഷൻ മുതൽ പഞ്ചായത്ത് ഓഫീസ് പരിസരത്തെ ടാങ്ക് വരെയുള്ള ഭാഗത്തും പൈപ്പിങ് നടത്തേണ്ടതുണ്ട്. ഈ ഭാഗത്തെ പ്രവർത്തികൾക്കായി പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂചന. ശേഷിക്കുന്ന പ്രവർത്തികൾക്കും അനുമതി ലഭ്യമാക്കി പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ഉയരുന്നു.
