ഇടവ: ഓണക്കാലത്ത് പ്രാദേശികമായി പൂക്കളുടെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വർക്കല ബ്ലോക്ക് പഞ്ചായത്തും ഇടവ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ‘പൂവനി’ പുഷ്പകൃഷി പദ്ധതിക്ക് തുടക്കമായി. ഇടവ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഇലങ്കത്തറയിൽ നടന്ന വാർഡ് തല ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.സി. ബാബു, വാർഡ് അംഗം രവീന്ദ്രൻ നായർ, കൃഷി ഓഫീസർ അനശ്വര ആർ.എസ്., കൃഷി അസിസ്റ്റന്റ് അനീഷ് എസ്. യേശുദാസൻ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി ഓരോ വാർഡിലും ആയിരം ചെണ്ടുമല്ലി തൈകൾ നട്ടുപിടിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ വനിതാ അംഗങ്ങളുമാണ് തൈകളുടെ നടീൽ, സംരക്ഷണം, പരിപാലനം എന്നിവയ്ക്ക് നേതൃത്വം നൽകുന്നത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഇടവ കൃഷിഭവനാണ് തൈകൾ വിതരണം ചെയ്യുന്നത്.ഓണക്കാല വിപണിയെ മുൻകൂട്ടി കണ്ട് നടത്തുന്ന ഈ കൃഷിയിലൂടെ ലഭിക്കുന്ന പൂക്കളുടെ വിളവെടുപ്പും വിൽപ്പനയും വാർഡ് തല ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരിക്കും നടത്തുക. ഗ്രാമീണ വനിതകൾക്ക് വരുമാന മാർഗം സൃഷ്ടിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.
