വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഒക്ടോബർ മാസം 20-നാണ് ജിഷയുടെ രണ്ടാം വിവാഹം ഗുരുവായൂരിൽ നടന്നത്. ആദ്യ ഭർത്താവ് വിദേശത്തുവെച്ചുണ്ടായ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് രണ്ട് പെൺമക്കളുമായി കഴിയുകയായിരുന്ന ജിഷ, വർക്കല സ്വദേശിയായ അജിയെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. അജിയുടെ ആദ്യ വിവാഹമായിരുന്നു ഇത്. ജിഷ ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.
വിവാഹശേഷം ആദ്യ ഭർത്താവിന്റെ പേരിലുള്ള വീട്ടിൽ അജിക്കൊപ്പം താമസിച്ചുവരികയായിരുന്നു. സംഭവസമയത്ത് ജിഷയുടെ രണ്ട് പെൺമക്കളും രണ്ടാം ഭർത്താവായ അജിയും വീട്ടിലുണ്ടായിരുന്നു. ജിഷയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സമീപവാസികൾ വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജിഷയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അയിരൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.
