ആറ്റിങ്ങൽ: പണയാഭരണം വീണ്ടെടുക്കാൻ പണവുമായി എത്തിയ യുവാക്കളിൽ നിന്നും മുളകുപൊടി കണ്ണിൽ വിതറി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ ആസൂതകൻ അറസ്റ്റിൽ. ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രശാന്തി ഭവനിൽ മാരി എന്നറിയപ്പെടുന്ന ബിനുരാജ്(27) ആണ് അറസ്റ്റിലായത്. രാമച്ചംവിള ബൈപ്പാസ് റോഡിൽ വച്ച് സെപ്റ്റംബർ 25 ന് വൈകുന്നേരം 3 30 കൂടിയായിരുന്നു സംഭവം.
ധനകാര്യ സ്ഥാപനത്തിൽ പണയത്തിലിരിക്കുന്ന സ്വർണ്ണാഭരണം വീണ്ടെടുക്കുന്നതിനായി രണ്ടര ലക്ഷം രൂപയുമായി എത്തിയ യുവാക്കളെ ഓട്ടോയിൽ കയറ്റി പോകുന്ന വഴിയിൽ ഓട്ടോയ്ക്കുള്ളിൽ വച്ച് പ്രതികൾ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ ഓട്ടോറിക്ഷയുടെ പുറകുവശത്ത് ഒളിച്ചിരുന്ന രണ്ട് പ്രതികൾ യുവാക്കളുടെ കണ്ണിൽ മുളക് പൊടി തേയ്ക്കുകയും ചെയ്തു.
പ്രാണരക്ഷാർത്ഥം ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കവേ നിലത്തു വീണ യുവാവിനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും കവറിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെ മുമ്പ് ആറ്റിങ്ങൽ പോലീസ് പിടികൂടിയിരുന്നു. കേസിലെ മുഖ്യ ആസൂത്രകനെയാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി ആറ്റിങ്ങൽ പോലീസ് അറിയിച്ചു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
