വർക്കല : തമിഴ്നാട്ടിൽ മോഷണം നടത്തിയ ശേഷം ടൂറിസ്റ്റായി വർക്കലയിൽ എത്തിയ മോഷ്ടാവിനെ വർക്കല ടൂറിസം പോലീസ് പിടികൂടി. കോയമ്പത്തൂർ സൗത്ത് ഭാഗത്ത് കെമ്പട്ടി നഗറിൽ താമസിക്കുന്ന 26 വയസ്സുള്ള മണികണ്ഠൻ ആണ് ശനിയാഴ്ച രാവിലെ പോലീസിന്റെ പിടിയിലായത്.
കോയമ്പത്തൂർ ഭാഗത്തെ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് ഒരു ലക്ഷത്തി എൺപത്തയ്യായിരം രൂപ കവർന്ന കേസിലെ പ്രധാനിയാണ് വർക്കലയിൽ പിടിയിലായ മണികണ്ഠൻ . മണികണ്ഠനോടൊപ്പം കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരെ കോയമ്പത്തൂർ പോലീസ് ഇതിനോടകം പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മോഷണത്തിനു ശേഷം ഒളിവിൽ പോയ പ്രധാന പ്രതിക്ക് വേണ്ടി കോയമ്പത്തൂർ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു.
കോയമ്പത്തൂരിൽ നിന്നും വർക്കലയിലേക്ക് എത്തിയ വിനോദയാത്ര സംഘത്തോടൊപ്പം പ്രതിയും ഒപ്പം കൂടി വർക്കലയിൽ എത്തുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി വർക്കലയിൽ എത്തി എന്നുള്ള വിവരം മനസ്സിലാക്കിയ കോയമ്പത്തൂർ പോലീസ് വർക്കലയിലെത്തി.
വർക്കല ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം വർക്കല ടൂറിസം പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ സ്വകാര്യ റിസോർട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ കോയമ്പത്തൂർ പോലീസിന് കൈമാറി.
പ്രതിയെ ശനിയാഴ്ച തന്നെ കോയമ്പത്തൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് സംഘം അറിയിച്ചു.
