ആറ്റിങ്ങൽ: അവനവഞ്ചേരി പരവൂർകോണം കൊച്ചുവിള്ള വീട്ടിൽ ലത എ.കെ (40) കിണറ്റിൽ വീണ് മരിച്ചു.ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.വീട്ടുമുറ്റത്തെ കിണറ്റിലാണ് ലത വീണതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ അഗ്നിരക്ഷാ സേന പഴക്കമേറിയ കിണറിൽ അതീവ സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മണ്ണുകൊണ്ട് കെട്ടിയ കിണറിന്റെ ഭിത്തികൾ ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള അപകടകരമായ സാഹചര്യത്തിലായിരുന്നു രക്ഷാദൗത്യം.അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ലതയെ പുറത്തെടുത്ത് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ലത അവിവാഹിതയാണ്.
സംഭവസ്ഥലത്ത് നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ്, വാർഡ് കൗൺസിലർമാരായ പ്രിയ സാബുവും അനസും എത്തിയിരുന്നു.തുടർനടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
