ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ അറസ്റ്റിൽ, ലക്ഷങ്ങളുടെ നാശം, പോലീസിനെയും ആക്രമിച്ചു
ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ചികിത്സാ ഉപകരണങ്ങൾ തകർത്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ. വെയിലൂർ ശാസ്തവട്ടം ആലുവിള വീട്ടിൽ വിഷ്ണു (29), മഞ്ഞമല സ്വദേശി അനീഷ് (30), ചെമ്പകമംഗലം സ്വദേശി അരുൺ (30) എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 29-ന് രാത്രി 10 മണിയോടെ പരിക്ക് മൂലം ചികിത്സയ്ക്കെത്തിയ പ്രതികൾ, ചീത്തവിളി നടത്തി അക്രമാസക്തരാവുകയും, വിലക്കിയ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. അഖിലേഷിനെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ അടിച്ചു തകർത്തു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് ആശുപത്രിക്കുണ്ടായത്. സംഭവ വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം പ്രതികളെ പിടികൂടി. പ്രതികൾക്കെതിരെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, പോലീസിന് തടസ്സം സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തു.
പ്രതികൾക്ക് നേരെ ലഹരി കടത്തൽ, മറ്റ് ക്രിമിനൽ കേസുകൾ എന്നിവയും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
