നഗരൂർ: അതിമാരക എം.ഡി.എം.എ മയക്കുമരുന്നുമായി 26കാരൻ പിടിയിൽ. നഗരൂർ തണ്ണിക്കോണം കുന്നുവിള വീട്ടിൽ അജയ് ബാബു (26) എന്നയാളെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയായിരുന്നു അറസ്റ്റ്.
നഗരൂർ വിളയിൽകട ജംഗ്ഷനിൽ വിൽപ്പനക്കായി കാറിലെത്തിയ പ്രതിയെ നഗരൂർ പോലീസും, നാർകോട്ടിക് സ്ക്വാഡായ ഡാൻസാഫ് സംഘവും സംയുക്തമായി പിടികൂടുകയായിരുന്നു. നിരീക്ഷണത്തിലായിരുന്ന പ്രതിയെ പിന്തുടർന്നെത്തിയ സംഘം കാർ വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു.
അറസ്റ്റ് സമയത്ത് ഇയാൾ എം.ഡി.എം.എ ഉപയോഗിച്ചിരിക്കുകയായിരുന്നെന്നും, വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.12 ഗ്രാം എം.ഡി.എം.എ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തുവെന്നും നഗരൂർ എസ്.ഐ അറിയിച്ചു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കുറ്റം തെളിയിച്ചാൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
കഴിഞ്ഞദിവസം രണ്ട് പേരെ കൂടി ചെറിയ അളവിൽ എം.ഡി.എം.എ കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ നഗരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും എസ്.ഐ വ്യക്തമാക്കി.
ജില്ലാ റൂറൽ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് ഡിവൈഎസ്പി പ്രദീപ് , ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ചുലാൽ എന്നിവരുടെ നിർദ്ദേശാനുസരണം ഡാൻസ അംഗങ്ങളായ എസ് ഐ ഷിയാസ് എസ് ഐ ഫിറോസ് ജി എസ് ഐ രാജീവൻ സുനിൽ രാജ റിയാസ് റെജിമോൻ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
