ആറ്റിങ്ങൽ ∙ വീടിനു മുന്നിൽ വൃദ്ധയെ വൈദ്യുതി ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ കൂരവിൽ വീട്ടിൽ ലീലാമണി (87) ആണ് അപകടത്തിൽ മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നു വീട്ടിലേക്ക് താൽക്കാലികമായി കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്ക് ലഭിച്ചതെന്ന് പ്രാഥമിക നിഗമനം. ലീലാമണിയുമായി കൂടെ ഭിന്നശേഷിയുള്ള മകൾ അശ്വതി മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ശനിയാഴ്ച വൈകിട്ട് ലീലാമണി സമീപത്തെ ഒരു ഇലക്ട്രിഷ്യനെ സമീപിച്ചു വീട്ടിൽ കറന്റില്ലെന്ന് അവർ പരാതി അറിയിച്ചു. ഇന്ന് രാവിലെ ഇലക്ട്രിഷൻ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്. വീടിനു മുന്നിൽ മരിച്ച നിലയിലായിരുന്നു ലീലാമണിയെ കണ്ടെത്തിയത്. ഷോക്കേറ്റത് അനുമാനിക്കുന്ന ലൈനുകൾ കയ്യിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മകൾ അശ്വതിയെ വീടിനുള്ളിൽ പൂട്ടിയിട്ടശേഷമാണ് ലീലാമണി പുറത്തു വന്നതെന്ന് കരുതുന്നു. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
