ആറ്റിങ്ങൽ: ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് വടകര സ്വദേശിനിയായ അസ്മിന (39) യാണ് ഇന്ന് രാവിലെ 10 മണിയോടെ ആറ്റിങ്ങൽ മൂന്നുമുക്കിലെ ഒരു ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പുതുപ്പള്ളി സ്വദേശിയായ ജോബി ജോർജ് (35) എന്നറിയപ്പെടുന്ന “റോയി” എന്നയാളാണ് യുവതിയോടൊപ്പം ഇന്നലെ രാത്രി 9 മണിയോടെ ലോഡ്ജിൽ എത്തിയത്. ഭാര്യയാണെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജ് മുറിയിൽ എത്തിച്ചതായാണ് മാനേജർ നൽകിയ മൊഴി.
മുറിയിൽ വാക്കുതർക്കമുണ്ടായതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തി. സാധനങ്ങൾ വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു. ചുവന്ന നൈറ്റി ധരിച്ച നിലയിൽ കട്ടിലിൽ മരിച്ചുകിടക്കുന്ന യുവതിയുടെ തലയിലും കയ്യിലും മുറിവുകളുണ്ട്. ചുമരിലും കട്ടിലിലും നിലത്തും രക്തക്കറകൾ പതിഞ്ഞിരുന്നു. മദ്യക്കുപ്പിയും പൊട്ടി കിടക്കുന്ന നിലയിലാണ് പോലീസ് കണ്ടെത്തിയത്.
മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇവർ പരിചയപ്പെട്ടത്. യുവതി പാചകക്കാരിയായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ ജോബി റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തിരുന്നു എന്നാണ് ആറ്റിങ്ങൽ എസ്.എച്ച്.ഒ നൽകിയ വിവരം.
സംഭവത്തിനു ശേഷം പുലർച്ചെ നാലുമണിയോടെ ജോബി പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
യുവതിയോടൊപ്പമുണ്ടായിരുന്ന ജോബി ജോർജിനായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു
