വർക്കല: അയിരൂരിൽ മൂന്നു ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. അയിരൂർ പാലത്തിനു സമീപമുള്ള ഓടയിൽ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്ന്ന് തൊഴിലാളികളാണ് വിവരം അയിരൂർ പോലീസിനെ അറിയിച്ചത്.
മൃതദേഹം പ്രദേശവാസിയായ വിനോദ് (47) എന്നയാളുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ വിനോദ് വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്.
അയിരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വിനോദിന്റെ മരണകാരണം അന്വേഷണത്തിലൂടെയാണ് വ്യക്തമാകുക എന്ന് അയിരൂർ എസ്.എച്ച്.ഒ. അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിശോധനകൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.
