തിരുവനന്തപുരം: വെമ്പായം കന്യാകുളങ്ങരയിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ യുവാവിന്റെ ആക്രമണം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ വിദ്യാർത്ഥിനിയെ വീടിന് സമീപത്തെ പ്രദേശത്ത് കാത്തുനിന്ന യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന് ശേഷം പ്രതി വാഹനത്തിൽ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കേസെടുത്ത വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അറിയിച്ചു.
