ഇടവ: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് പള്ളിയുടെ മതിലിടിച്ച് തകർത്തശേഷം റോഡിന് കുറുകെ നിന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. വർക്കലയിൽനിന്ന് പരവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
തീരദേശ പാതയിൽ വെറ്റക്കട പള്ളിക്ക് മുൻവശത്തുള്ള വളവിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പള്ളിയുടെ മതിലിൽ ഇടിച്ച് തകർത്തശേഷം റോഡിന് കുറുകെ നിൽക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
ഇടവ സ്വദേശികളായ റിഫാൻ (21), ഹാജിറ (22) എന്നിവർ വർക്കല ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പുല്ലാന്നിക്കോട് സ്വദേശി ശ്യാംരാജ് (36), ഇടവ സ്വദേശി നൂറാ നാസർ (29) എന്നിവർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അപകടത്തിൽ പരിക്കേറ്റ മറ്റു ചിലർ വിവിധ സ്വകാര്യ ആശുപത്രികളിൽ സ്വയം ചികിത്സ തേടിയതായാണ് വിവരം.
ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചതിനെത്തുടർന്ന് ഡ്രൈവറെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.
തീരദേശ പാതയിൽ വെറ്റക്കട പള്ളിക്ക് മുൻവശത്തുള്ള വളവുകൾ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. മുൻപും നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
ഈ ഭാഗത്തുളള അപകടസാധ്യത കുറയ്ക്കാൻ വാഹനങ്ങളുടെ വേഗത കുറയ്ക്കുവാനുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
