ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട്. ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ 23 വയസ്സുള്ള യുവതി ഏഴാം മാസത്തിൽ വീട്ടിൽ പ്രസവിച്ചാണ് ശിശുവിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, എത്തുമ്പോഴേക്കും ശിശുവിന് ജീവൻ നഷ്ടമായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഭർത്താവ് വിദേശത്തായിരുന്നതിനാൽ ഗർഭകാല ചികിത്സകൾ ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന് യുവതി പറഞ്ഞതായി ഡോക്ടർമാർ അറിയിച്ചു. മറ്റേതെങ്കിലും ചികിത്സാസമ്പ്രദായങ്ങൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് നിർദ്ദേശിച്ചു. ആലംകോട് പ്രദേശത്തെ ചില അക്വാപഞ്ചർ ചികിത്സാകേന്ദ്രങ്ങളിൽ നിന്നു ഗർഭിണികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി മുമ്പ് ജില്ലാ കലക്ടറോട് റിപ്പോർട്ട് നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവരത്തെ തുടർന്ന് ആറ്റിങ്ങൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
