വർക്കല : തിരുവനന്തപുരത്ത് ട്രെയിനിനുള്ളിൽ വർക്കല സ്വദേശിയായ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. പുത്തൻചന്ത സ്വദേശിയായ മുഹമ്മദ് അൽ അമീൻ(19)ആണ് മർദ്ദനത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത് . ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.40 ഓടെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ പിൻഭാഗത്തെ ജനറൽ കോച്ചിലാണ് സംഭവം.
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാംവർഷ വിദ്യാർഥിയാണ് ചികിത്സയിലുള്ള മുഹമദ് അൽ അമീൻ. മറ്റൊരു സഹപാഠിയോടൊപ്പം ട്രെയിനിൽ ഇരിക്കവേ അതേ ഇൻസ്റ്റ്യൂട്ടിലെ തന്നെ മൂന്നാം വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് എത്തി അൽഅമീനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് ഒപ്പം ഉണ്ടായിരുന്ന സഹപാഠി അറിയിച്ചത്.
മർദ്ദനത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ അൽ അമീനെ ട്രെയിനിൽ ഉണ്ടായിരുന്നവരും റെയിൽവേ പോലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലായെന്നും, അക്രമ സംഭവത്തിൽപെട്ട രണ്ടുപേർ കസ്റ്റഡിയിൽ ഉണ്ടെന്നും തിരുവനന്തപുരം റെയിൽവേ പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
