ചിറയിൻകീഴ്: ചിറയിൻകീഴിൽ 808 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം മുണ്ടഞ്ചിറ മണക്കാട്ടിൽ വീട്ടിൽ നിസാർ (47) ആണ് പിടിയിലായത്. പെരുമാതുറ സ്വദേശിയായ മുഹമ്മദ് ഷാഫിയെ കഴിഞ്ഞ ദിവസം 808 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ പ്രധാന പ്രതിയാണ് നിസാറെന്ന് പോലീസ് അറിയിച്ചു.
ഷാഫിയുടെ സഹോദരീഭർത്താവായ നിസാർ വിദേശത്തുനിന്ന് എംഡിഎംഎ എത്തിച്ച് വിൽപ്പനയ്ക്കായി ഷാഫിക്ക് കൈമാറിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിസിറ്റ് വിസയിൽ ഒമാനിലേക്ക് പോയ നിസാർ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇയാളുടെ യാത്രാരേഖകൾ പരിശോധിച്ചതിൽ സെപ്റ്റംബർ 11-ന് ഒമാനിൽനിന്ന് നാട്ടിലെത്തിയതായി അന്വേഷണ സംഘത്തിന് വ്യക്തമായി.
എംഡിഎംഎയുമായി ഷാഫി പിടിയിലായതോടെ നിസാർ ഒളിവിൽ പോവുകയായിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ബി.കെ. പ്രശാന്തൻ കാണി ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രി വൈകി പെരുമാതുറയിലെ ഒളിത്താവളത്തിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
നിസാറിന് എംഡിഎംഎ കൈമാറിയതാര് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ആറ്റിങ്ങൽ ഡിവൈഎസ്പി അജി ചന്ദ്രൻ നായർ, ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ അഭിലാഷ്, സബ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, ഷജീർ, ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ എഫ്. ഫയസ്, ബി. ദിലീപ്, എഎസ്ഐ ദിനോർ, സിവിൽ പോലീസ് ഓഫീസർമാരായ റിയാസ്, ബിനു, ലിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
