അരുവിക്കര : പിതൃസ്മരണയിൽ ഗ്രാമീണമേഖലകളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. അരുവിക്കര ഡാമിനു മുന്നിലെ ബലിമണ്ഡപത്തിൽ നടന്ന ബലിതർപ്പണത്തിന് വൻ ജനാവലിയെത്തിച്ചേർന്നു. കവി വി.മധുസൂദനൻ നായർ രാവിലെ എട്ടരയോടെ അരുവിക്കരയിലെത്തി പിതൃക്കൾക്ക് ബലിതർപ്പണം നടത്തി. പുലർച്ചെ മുതൽ നൂറു കണക്കിനാളുകളാണ് അരുവിക്കരയിൽ ബലിതർപ്പണത്തിനെത്തിയത്. ഡാമിന് മുന്നിലുള്ള ബലിമണ്ഡപം, പഴയപോലീസ് സ്റ്റേഷന് സമീപമുള്ള ചെക്ക്ഡാം എന്നിവിടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബലിതർപ്പണ ചടങ്ങുകൾ നടത്തി.
തിലഹോമം ഉൾപ്പെടെയുള്ള ബലിതർപ്പണ കർമങ്ങൾ നടത്താൻ ഇത്തവണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അരുവിക്കരയിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് ഗണപതി പോറ്റി, ശങ്കരൻ പോറ്റി എന്നിവർ കാർമികത്വം വഹിച്ചു. ജി.സ്റ്റീഫൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡൻറ് ആർ.കല, ജനപ്രതിനിധികൾ, പോലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ് സർവീസ്, ലൈഫ് ഗാർഡുകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവർ ബലിതർപ്പണ ചടങ്ങുകൾ അവസാനിക്കുന്നതുവരെ കർമനിരതരായി രംഗത്തുണ്ടായിരുന്നു. ബലിതർപ്പണത്തിന് എത്തിയവർക്കെല്ലാം സൗജന്യമായി പ്രഭാതഭക്ഷണം വിതരണം ചെയ്തു. വിവിധ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി പുലർച്ചെ മുതൽ സർവീസ് നടത്തി.
