കല്ലറ : മൈലമൂട് വനമേഖലയും ചിറ്റാറും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളാകുന്നു. വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും വനംവകുപ്പോ, പഞ്ചായത്തോ, ആരോഗ്യവകുപ്പോ, പോലീസോ നടപടികളെടുക്കുന്നില്ല. കാരേറ്റ്-പാലോട് റോഡിൽ ഭരതന്നൂർ ഗാർഡർ സ്റ്റേഷൻ മുതൽ റോഡിന്റെ ഒരു വശവും മൈലമൂട് പാലം കഴിഞ്ഞാൽ റോഡിന്റെ ഇരുവശവും വനമേഖലയാണ്. ഈ ഭാഗത്തുള്ള റോഡിലും പരിസരപ്രദേശങ്ങളിലുമാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നത്.
പാങ്ങോട് ഗ്രാമപ്പഞ്ചായത്തിന്റെ അതിർത്തിയിൽ വരുന്ന ഇവിടെ രാത്രികാലങ്ങളിൽ ചാക്കുകളിൽ കെട്ടി മാലിന്യം കൊണ്ടുതള്ളുന്നത് പതിവാണ്. മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും തെരുവുനായ്ക്കളും കാട്ടുപന്നികളും വലിച്ചിഴച്ച് റോഡിൽ കൊണ്ടിടാറുണ്ട്. മഴക്കാലത്ത് മാലിന്യം റോഡിലൂടെ ഒഴുകി ചിറ്റാറിലെത്തും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ചിറ്റാറിലെ വെള്ളമാണ് കല്ലറ, പാങ്ങോട്, പുല്ലമ്പാറ, പാലോട്, നന്ദിയോട് പഞ്ചായത്തുകളിൽ കുടിവെള്ളത്തിനായി എടുക്കുന്നത്. വിജനമായ പ്രദേശമായതിനാൽ നഗരങ്ങളിൽ നിന്നു വരെ മാലിന്യങ്ങൾ രാത്രികാലങ്ങളിൽ ഇവിടെ നിക്ഷേപിക്കാറുണ്ട്. ഫ്ളാറ്റുകളിലും മറ്റുംനിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യവും ഇവിടെ കൊണ്ട് വന്ന് ഒഴുക്കുന്നത് പതിവാണ്.
മാലിന്യം ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നികളെ ഇടിച്ച് നിരവധി ഇരുചക്ര വാഹനയാത്രികർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മൈലമൂടിനു സമീപം വനമേഖലയോട് ചേർന്ന് ഒന്നിലധികം പന്നിഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്നുള്ള മാലിന്യവും വനമേഖലയിലും പരിസരപ്രദേശത്തും നിക്ഷേപിക്കുന്നതായി പരാതിയുണ്ട്.
