
കോടികൾ ചെലവഴിച്ച ബീച്ച് പാർക്ക് നശിക്കുന്നു; സഞ്ചാരികളെ ആകർഷിക്കാൻ സൗകര്യങ്ങളില്ല
വർക്കല: സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ കീഴിൽ മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ അരിവാളം ടൂറിസം പദ്ധതി പരിപാലനമില്ലാതെ നശിക്കുന്നു. വെട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ ടൂറിസം വികസന പ്രതീക്ഷകൾക്ക് കരുത്തേകാനായി അരിവാളത്ത് കടലിനും ടി.എസ്. കനാലിനും മധ്യേ ആരംഭിച്ച പദ്ധതി ഇന്ന് അവഗണനയുടെ പിടിയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.
വിശാലമായ അരിവാളം ബീച്ചിൽ ഒന്നേകാൽ കോടിയിലധികം രൂപ ചെലവഴിച്ച് 2016 മാർച്ചിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. സഞ്ചാരികൾക്കായി വിശ്രമകേന്ദ്രങ്ങൾ, കുട്ടികൾക്കുള്ള പാർക്ക്, ശൗചാലയങ്ങൾ, കുടിവെള്ള സംവിധാനം എന്നിവ ഉൾപ്പെടുത്തി നിർമിച്ച പാർക്ക് ഇപ്പോൾ ശോചനീയാവസ്ഥയിലാണ്.
അവധി ദിവസങ്ങളിൽ നിരവധി ആഭ്യന്തര വിനോദസഞ്ചാരികൾ അരിവാളം തീരത്തെത്തുന്നുണ്ടെങ്കിലും പാർക്കിൽ സന്ദർശകരെ ആകർഷിക്കുന്ന തരത്തിലുള്ള സൗകര്യങ്ങൾ നിലവിൽ ഇല്ല. കൃത്യമായ പരിപാലനമില്ലാത്തതിനാൽ പാർക്ക് ഓരോ ദിവസവും കൂടുതൽ നശിച്ചുകൊണ്ടിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ പാർക്കിന്റെ സുരക്ഷയ്ക്കായി നിയമിച്ചിരുന്ന ജീവനക്കാരനെയും പിന്നീട് ഒഴിവാക്കി. ഇതോടെ രാത്രികാലങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ സമൂഹവിരുദ്ധരുടെ താവളങ്ങളായി മാറിയതായി നാട്ടുകാർ ആരോപിക്കുന്നു. ശൗചാലയങ്ങൾ തകർന്ന നിലയിലായപ്പോൾ, കെട്ടിടങ്ങളുടെ കതകുകൾ ചവിട്ടിപ്പൊളിച്ച നിലയിലാണ്. ഒരു കെട്ടിടത്തിനുള്ളിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നതും കാണാം. വൈദ്യുത വയറുകൾ മോഷണം പോകുകയും മീറ്ററുകൾ തുരുമ്പേറ്റ് പ്രവർത്തനരഹിതമാകുകയും ചെയ്തിട്ടുണ്ട്.
കടൽത്തീരത്തും പാർക്കിനുള്ളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുന്നുകൂടിയതും സഞ്ചാരികളെ അകറ്റുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. സമൂഹവിരുദ്ധശല്യവും രാത്രികാല മദ്യപാനവും തുടക്കകാലം മുതൽ തന്നെ പദ്ധതിയുടെ വികസനത്തിന് തിരിച്ചടിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം ദേശീയ ജലപാത വികസന പദ്ധതി പ്രദേശത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. പദ്ധതിപ്രദേശത്തിനു സമീപം ബോട്ടുജെട്ടിയും പുതിയ നടപ്പാലവും നിർമിച്ചിട്ടുണ്ട്. പാപനാശം തീരത്തെ തിരക്കിൽ നിന്ന് വിട്ട് ശാന്തമായ അന്തരീക്ഷം ആഗ്രഹിക്കുന്ന ആഭ്യന്തര-വിദേശ സഞ്ചാരികൾക്ക് അനുയോജ്യമായ സ്ഥലമാണ് അരിവാളം തീരമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
തിരുവനന്തപുരം ഭാഗത്തുനിന്ന് വർക്കലയിലേക്കുള്ള തീരദേശ പാത അരിവാളം വഴിയാണ് കടന്നുപോകുന്നത്. എന്നാൽ സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള ദിശാബോർഡുകളോ വിവരഫലകങ്ങളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. അരിവാളം ബീച്ച് പാർക്ക് അടിയന്തരമായി നവീകരിച്ച് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.