വർക്കല: പാപനാശം കടൽത്തീരത്തെ സൗത്ത് ക്ലിഫിന് സമീപം വിനോദസഞ്ചാരത്തിനെത്തിയ വനിതാ സഞ്ചാരികളെ ശല്യം ചെയ്ത സംഭവത്തിൽ സ്വകാര്യ റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിലായി. പാലച്ചിറ പട്ട്യാരത്തുംവിള സ്വദേശി വിനീത് (39) ആണ് പോലീസിന്റെ പിടിയിലായത്.
ഹൈദരാബാദ് സ്വദേശികളായ യുവതികൾക്കു നേരെയാണ് ഇയാൾ മോശമായി പെരുമാറിയതെന്ന് പോലീസ് അറിയിച്ചു. ജൂൺ 13-ന് ഉച്ചയ്ക്ക് 12.55 ഓടെ സൗത്ത് ക്ലിഫിന് താഴെയുള്ള ഏണിക്കര ബീച്ചിന് സമീപം സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവതികളുടെ ചിത്രങ്ങളും വീഡിയോകളും പ്രതി മൊബൈൽ ഫോണിൽ അനുമതിയില്ലാതെ പകർത്തിയതായും ലൈംഗിക ചേഷ്ടകൾ കാട്ടി ശല്യം ചെയ്തതായുമാണ് പരാതി.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതികൾ പ്രതിയുടെ ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി ബീച്ച് ടൂറിസം പോലീസിന് കൈമാറി. തുടർന്ന് വർക്കല പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ടൂറിസം പോലീസിന്റെ ഇടപെടലിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് വർക്കല പോലീസിന് കൈമാറി.
യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 77, 79 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
