കല്ലമ്പലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ നാവായിക്കുളം പഞ്ചായത്തിലെ വെട്ടിയറയിൽ വീട് ഭാഗികമായി തകർന്നു. വെട്ടിയറ ചരുവിളപുത്തൻ വീട്ടിൽ താമസിക്കുന്ന നീതുവിന്റെ വീടിന്റെ മേൽക്കൂരയും മറ്റ് ഭാഗങ്ങളും ഇടിഞ്ഞ് വീട്ടിനുള്ളിലേക്ക് വീഴുകയായിരുന്നു.സംഭവസമയത്ത് തകർന്ന മുറിയിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വീടിന്റെ ശേഷിക്കുന്ന ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചതോടെ കൂടുതൽ ഭാഗങ്ങൾ ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. ഇതോടെ വീട് താമസയോഗ്യമല്ലാതായിട്ടും മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ നീതുവും കുടുംബവും ഭീതിയോടെ അതേ വീട്ടിൽ തന്നെ കഴിയുകയാണ്.
മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തസാധ്യത ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് കുടുംബത്തിന് സുരക്ഷിതമായ താമസസൗകര്യവും ആവശ്യമായ സഹായവും നൽകണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചു.
