ചിറയിൻകീഴ്: കൊച്ചാലുമൂട്, പുരവൂർ ഉൾപ്പെടെ ചിറയിൻകീഴ് മേഖലകളിൽ വിലപിടിപ്പുള്ള കേബിൾ വയറുകളും ബി.എസ്.എൻ.എൽ. കേബിളുകളും സ്ഥിരമായി മോഷണം നടത്തിയെന്ന കേസിൽ രണ്ട് അന്തർസംസ്ഥാന മോഷ്ടാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ മുഹമ്മദ് ആസിഫ് (36), മുഹമ്മദ് നവാജിഷ് (22) എന്നിവരെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് ആവർത്തിച്ചുണ്ടാകുന്ന മോഷണങ്ങൾ തടയുന്നതിനായി ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം ചിറയിൻകീഴ് എസ്.എച്ച്.ഒ. അൻസറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. രാത്രികാല ജീപ്പ്, ബൈക്ക് പട്രോളിങ് ശക്തമാക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്തതിനെ തുടർന്നാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.മോഷണ മുതലുകൾ സഹിതം പിടിയിലായ പ്രതികളെ ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്.ഐമാരായ ശ്രീകുമാർ, രാജീവ്, സനൽ, എ.എസ്.ഐമാരായ നാസർ, ഹാഷിം, പ്രസന്നകുമാർ, സി.പി.ഒമാരായ സിയാദ്, അനൂപ്, അഭിലാഷ്, ശ്രീജിത്ത്, രാംനാഥ്, അനീഷ്, നാദിർഷ, സുകേഷ്, അരുൺരാജ്, ബിനു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
