വർക്കല: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പത്തര പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും മോഷ്ടിച്ച കേസിൽ 16-ാം നാൾ പ്രതിയെ പാറശ്ശാലയിൽനിന്ന് വർക്കല പോലീസ് പിടികൂടി. കൊല്ലം കരിക്കോട് പേരൂർ പുത്തൻപുരയിൽ മുഹമ്മദ് ഷെരീഫ് (50) ആണ് പിടിയിലായത്. പ്രതിയിൽനിന്ന് 9.5 പവൻ സ്വർണാഭരണങ്ങളും 1,53,000 രൂപയും കണ്ടെടുത്തു.
കുരയ്ക്കണ്ണി ഷൈലാമൻസിലിൽ അജ്മലും മാതാവും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ പുറത്തുപോയ സമയത്ത് പിൻഭാഗത്തെ അടുക്കളവാതിൽ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതിനെ തുടർന്ന് വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു.വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മോഷണശേഷം വർക്കലയിൽനിന്ന് ഓട്ടോറിക്ഷയിൽ പാരിപ്പള്ളിയിലെത്തിയ ഇയാൾ ബസിൽ കൊല്ലത്തേക്കും തുടർന്ന് ട്രെയിനിൽ എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും പോയി. തിരുവനന്തപുരത്ത് ഒരു സ്വർണാഭരണം വിറ്റശേഷം ലഭിച്ച പണവുമായി ചെന്നൈയിലെത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. ഇതിനിടെ പാറശ്ശാലയിലെത്തിയ പ്രതിയെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി പ്രശാന്തൻകാണി ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വർക്കല ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തിൽ വർക്കല സി ഐ രാജേഷ്, SHO അഷിൽ രവി, ഗ്രേഡ് എസ് ഐ നജീബ്, CPO രാകേഷ്, നിതിൻ ലൂക്കോസ്, വിനോദ് , ശ്രീകുമാർ, ചന്ദ്രകാന്ത്, പ്രശാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും കൊല്ലം, കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളും പ്രതിക്കെതിരെയുണ്ടെന്ന് പോലീസ് അറിയിച്ചു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയായിരുന്നു ഇയാളുടെ രീതിയെന്നും പോലീസ് വ്യക്തമാക്കി. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
