കല്ലമ്പലം: വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേർ പോലീസ് പിടിയിൽ. കല്ലമ്പലം വഞ്ചിയൂർ സ്വദേശി ബാബു (56) ആണ് കുത്തേറ്റത്. സംഭവത്തിൽ കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശികളായ പുള്ളിമാൻ അനീഷ് എന്ന അനീഷ്, മലക്കറി ഉണ്ണി എന്ന ഉണ്ണി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകിട്ട് 6.45ഓടെയാണ് ബാബുവിനെ കരവാരം പഞ്ചായത്ത് ഓഫീസിന് സമീപം രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്ക് താഴ്ഭാഗത്താണ് കുത്തേറ്റത്.
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തി.
രക്ഷപ്പെടുന്നതിനായി തോട്ടയ്ക്കാട് ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന പ്രതികളെ പോലീസ് പിടികൂടി.
വർക്കല ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തിൽ കല്ലമ്പലം, വർക്കല, പള്ളിക്കൽ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ബാബു ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രത്രികളെ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി കല്ലമ്പലം പോലീസ് അറിയിച്ചു
