കിളിമാനൂർ: കൊടുവഴന്നൂർ മൊട്ടലുവിളയിൽ തെരുവുനായയുടെ ആക്രമണത്തിൽ 11കാരന് ഗുരുതര പരിക്ക്. മൊട്ടലുവിള സ്വദേശികളായ രാജു-അഞ്ചു ദമ്പതികളുടെ മകൻ ശരൺ (11) ആണ് പരുക്കേറ്റത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീട്ടുമുറ്റത്ത് ഇളയ സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. കുരച്ചുകൊണ്ട് കുട്ടികളുടെ അടുത്തെത്തിയ നായയെ കണ്ട് ഇളയ കുട്ടി ഓടി രക്ഷപ്പെട്ടു. തുടർന്ന് ശരൺ നായയുടെ ആക്രമണത്തിനിരയാകുകയായിരുന്നു.
ആക്രമണത്തിൽ ശരണിന്റെ വലതുകൈയിലെ മോതിരവിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തതായി ബന്ധുക്കൾ പറഞ്ഞു. ഇടതുകാലിന്റെ തുടയിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും നായ ഓടിപ്പോയിരുന്നു.
ഗുരുതരമായി പരുക്കേറ്റ ശരണിനെ ഉടൻ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ശരൺ.
പ്രദേശത്ത് വളർത്തുമൃഗങ്ങളെയും മറ്റ് നായകളെയും ഇതേ തെരുവുനായ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടിയെ ആക്രമിച്ച ശേഷം ഓടിപ്പോയ നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
