കിളിമാനൂർ : പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ അടയമൺ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗം പ്രവർത്തനമില്ലെന്ന് പരാതി. പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന നഴ്സ് സേവനം നിർത്തിപ്പോയശേഷം പുതിയ ആളെ നിയമിച്ചിട്ടില്ല.
ഒട്ടേറെ കിടപ്പുരോഗികളും, സാന്ത്വന പരിചരണം ആവശ്യമായവരുമായ നിരവധിപ്പേർ അടയമൺ പ്രദേശത്തും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ട്. പാലിയേറ്റീവ് വിഭാഗം പ്രവർത്തമില്ലാതായതോടെ യഥാസമയം ഇവർക്കാവശ്യമായ സേവനം എത്തുന്നില്ലെന്നാണ് പരാതി.
പരാതി ഉയർന്നതോടെ ഇത്തരം രോഗികളെ പരിചരിച്ച് പരിചയമില്ലാത്തവരെ അയച്ച് പരിഹരിക്കുന്നതായും പരാതിയുണ്ട്. ഇത്തരത്തിൽ പരിചരണം നൽകിയതിൽ പിഴവുണ്ടായതിനെ തുടർന്ന് അടയമൺ സ്വദേശിയായ വയോധികനെ കഴിഞ്ഞദിവസം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കേണ്ടിവന്നതായും പരാതിയുണ്ട്.
നഴ്സിനായി അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവർ എത്തിയില്ലെന്നാണ് പഞ്ചായത്ത് ആരോഗ്യവിഭാഗം പറയുന്നത്.
