ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനാചരണം നാളെ (തിങ്കളാഴ്ച) ശിവഗിരിയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. മഹാപരിനിർവാണ സമ്മേളനവും മഹാപരിനിർവാണ ശതാബ്ദിയാചരണ സമാരംഭവും രാവിലെ 10ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
രാവിലെ അഞ്ചിന് വിശേഷാൽ പൂജ, ഹവനം, പാരായണം എന്നിവ നടക്കും. ആറിന് മഹാസമാധിയിൽ തിരുവവതാര മുഹൂർത്തപൂജ നടക്കും. എട്ടിന് വൈദിക മഠത്തിൽ അഖണ്ഡനാമജപയജ്ഞവും ഉപവാസയജ്ഞവും നടക്കും.
രാവിലെ 10ന് നടക്കുന്ന മഹാപരിനിർവാണ സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് വിശിഷ്ടാതിഥിയാകും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി വിരജാനന്ദ, അഡ്വ. വി. ജോയ് എം.എൽ.എ., അഡ്വ. വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ., വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
11.30ന് പള്ളാത്തുരുത്തി ഗുരുദേവ മഹാസന്ദേശ ശതാബ്ദി സമ്മേളനം മന്ത്രി ഒ.ജെ.നീഷ് ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. സ്വാമി അസംഗാനന്ദഗിരി, സ്വാമി ത്യാഗീശ്വര, ഡോ. പി. ചന്ദ്രമോഹൻ, ബി. ജയപ്രകാശ് കല്ലമ്പലം, അനിതാ ശങ്കർ, സ്വാമി ശിവനാരായണ തീർഥ തുടങ്ങിയവർ സംസാരിക്കും.
ഉച്ചയ്ക്ക് ഒന്നിന് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെ ഗുരുധർമ്മ പ്രബോധനം നടക്കും. 2.30ന് ശാരദാമഠത്തിൽ ഹോമയജ്ഞം നടക്കും. മൂന്നിന് ശാരദാമഠത്തിൽനിന്ന് വൈദിക മഠം, ബോധാനന്ദ സ്വാമി സമാധിപീഠം വഴി മഹാസമാധി സന്നിധിയിലേക്ക് കലശ പ്രദക്ഷിണ യാത്ര നടത്തും.
3.30ന് മഹാസമാധിപൂജ, കലശാഭിഷേകം, സമൂഹാർച്ചന, സമൂഹപ്രാർത്ഥന, ഉപവാസയജ്ഞ സമാപനം എന്നിവ നടക്കും. തുടർന്ന് വൈകിട്ട് നാലുമുതൽ മഹാപ്രസാദ വിതരണം ഉണ്ടായിരിക്കും.
