വർക്കല: സ്ത്രീകൾക്ക് എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് യു.ഡി.എഫ് സർക്കാർ പിന്മാറിയെന്ന് ആരോപിച്ച് ബിജെപി വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് എല്ലാ വിഭാഗം കെ.എസ്.ആർ.ടി.സി ബസുകളിലും സൗജന്യ യാത്ര നൽകുമെന്ന പ്രഖ്യാപനം ഓർഡിനറി ബസുകളിൽ മാത്രം ഒതുക്കിയത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം ആരോപിച്ചു.
പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ കുമാർ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജോയ് സാമ്പശിവൻ, നോർത്ത് ഏരിയ ജനറൽ സെക്രട്ടറി എം.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
സ്ത്രീകളോട് നൽകിയ വാഗ്ദാനം പൂർണമായി നടപ്പാക്കണമെന്നും എല്ലാ കെ.എസ്.ആർ.ടി.സി സർവീസുകളിലും സൗജന്യ യാത്രാ ആനുകൂല്യം അനുവദിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
