പാലോട്: കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയിലെ മലയോര ഗ്രാമങ്ങളെ പുലികളുടെ ആക്രമണ ഭീഷണി പിടിച്ചുകുലുക്കുകയാണ്. രണ്ട് ആഴ്ചയ്ക്കിടെ രണ്ടിടങ്ങളിലാണ് പുലികൾ ഇറങ്ങിയത്. ഈ മാസം 8-ന് അമ്പൂരിയിൽ കൃഷിത്തോട്ടത്തിലെ കെണിയിൽ കുടുങ്ങിയ പുലിയെ വനപാലകർ മയക്കുവെടി വച്ച് പിടികൂടി നെയ്യാർഡാം സഫാരി പാർക്കിലേക്ക് കൊണ്ടുപോയെങ്കിലും, വയറിലെ ഗുരുതരമായ മുറിവുകൾ കാരണം പുലി പിറ്റേന്ന് മരിച്ചു. അതേസമയം, കഴിഞ്ഞാഴ്ച ആര്യനാട്ടും പൂവച്ചലിലും പുലിയെ നാട്ടുകാർ കണ്ടതായി വനംവകുപ്പിന് വിവരം നൽകിയിരുന്നുവെങ്കിലും കാര്യമായ പരിശോധനകൾ നടന്നില്ല. ഞായറാഴ്ച ഇടിഞ്ഞാർ മങ്കയത്ത് പുലി പോത്തിനെ കടിച്ചുകൊന്ന സംഭവവും നാട്ടുകാരുടെ ആശങ്ക കൂട്ടി.
ഈച്ചൂട്ടികാണിയിൽ ഒരേ വീട്ടിൽ നിന്ന് രണ്ടുതവണ പുലി നായയെ പിടിച്ചുകൊണ്ടുപോയി ട്ടുണ്ട്. പുലികളോടൊപ്പം കാട്ടുപോത്ത്, കാട്ടാന, കാട്ടുപന്നി എന്നിവയും നാട്ടുകാർക്ക് ഭീഷണിയാകുന്നുണ്ട്. വേങ്കൊല്ല ശാസ്താംനടയിൽ കൂലിപ്പണിക്ക് പോയിരുന്ന ബാബുവിനെ കാട്ടാന ആക്രമിച്ച് കൊല്ലുകയും പിന്നാലെ ചെക്ക്പോസ്റ്റിന് സമീപം രണ്ടുപേരെ ആക്രമിക്കുകയും ചെയ്തിരുന്നു. തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്.
കാട്ടുപന്നിയിടിച്ച് നിയന്ത്രണം തെറ്റിയ കാർ ബൈക്കിൽ ഇടിച്ച് തിരുമല സ്വദേശി ആദർശ് മരിച്ച സംഭവവും കഴിഞ്ഞ വ്യാഴാഴ്ച വേങ്കൊല്ല ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടന്നു. പൊന്മുടിയിലെ പള്ളിക്കൂടത്തിനു മുന്നിൽ രണ്ടുതവണ പുലിയിറങ്ങിയ സംഭവം നാട്ടുകാരെ വലിയ ഭീതിയിലാഴ്ത്തി യിരിക്കുകയാണ്.