വർക്കല: നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നീന്തൽ പരിശീലകനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.തിരുവല്ലം പുഞ്ചക്കരി സ്വദേശിയും നീന്തൽ പരിശീലകനുമായ ശരത് ചന്ദ്രനാണ് പോലീസിൻ്റെ പിടിയിലായത്.
നീന്തൽ പരിശീലനത്തിനിടെ വെള്ളത്തിനടിയിൽവെച്ച് അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് കുട്ടിയുടെ പരാതിയിൽ പറയുന്നത്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകാൻ പുരുഷ, വനിതാ പരിശീലകർ പ്രത്യേകം ഉണ്ടായിരുന്നെങ്കിലും സംഭവസമയത്ത് വനിതാ പരിശീലക വെള്ളത്തിലിറങ്ങിയിരുന്നില്ലെന്നും പുരുഷ പരിശീലകനാണ് പെൺകുട്ടികളടക്ക മുള്ളവർക്ക് പരിശീലനം നൽകിയതെന്നുമാണ് ലഭിക്കുന്ന വിവരം.
ആദ്യഘട്ടത്തിൽ പരിശീലകന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത തിരിച്ചറിയാൻ കുട്ടിക്ക് കഴിഞ്ഞിരുന്നില്ലെന്നും, എന്നാൽ തുടർന്നുണ്ടായ അതിക്രമങ്ങളിൽ ഭയന്ന കുട്ടി പരിശീലകനിൽനിന്ന് കുതറിമാറി വെള്ളത്തിൽനിന്ന് കരയിലേക്ക് കയറി.
സംഭവത്തെ തുടർന്ന് സ്കൂൾ മാനേജ്മെൻറ് പരിശീലകനെ സ്കൂളിൽ നിന്നും പുറത്താക്കി. ഇയാൾ 23 വർഷം നേവി ഉദ്യോഗസ്ഥൻ ആയിരുന്നു വിരമിച്ച ശേഷം നീന്തൽ പരിശീലകനായി തുടരുകയായിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമായതോടെ രക്ഷിതാവ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിക്ക് ചികിത്സ തേടി. പിന്നീട് വിദഗ്ധ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് അതിക്രമത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഡോക്ടറുടെ നിർദേശപ്രകാരം സംഭവം ചൈൽഡ് ലൈനിൽ അറിയിച്ചു.
ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം സംഭവം നടന്നത് അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ പരാതി കൈമാറുകയായിരുന്നു. തുടർന്ന് അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിൽ ചൊവ്വാഴ്ച പുലർച്ചെ കരമന പുഞ്ചക്കരി സ്വദേശിയായ
ശരത് ചന്ദ്രനെ തൃശൂരിലെ നീന്തൽ പരിശീലന കേന്ദ്രത്തിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് നടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
