വര്‍ക്കല: കാപ്പില്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ മാതൃകാപരമായി സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. ചട്ടങ്ങളും മാര്‍ഗരേഖകളും കൃത്യമായി പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടിംഗ് മെഷീന് ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പാണ് ഏറ്റവും വലിയ കൗതുകം സൃഷ്ടിച്ചത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതിനെ ആവേശത്തോടെ സ്വീകരിച്ചു. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രിസൈഡിങ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍മാര്‍ തുടങ്ങി മുഴുവന്‍ ചുമതലകളും വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. നിയമന ഉത്തരവ് പോലും രണ്ടുദിവസം മുന്‍പ് തന്നെ നല്കി. ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീഹരിയാണ് വോട്ടിംഗ് മെഷീന് രൂപകല്പന ചെയ്തത്. വോട്ടെണ്ണലിനും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു. സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണി, മെഷീന് രേഖപ്പെടുത്തിയ വോട്ടുമായി താരതമ്യം ചെയ്തതിന് ശേഷം സുതാര്യമായ രീതിയില്‍ ഫലം പ്രഖ്യാപിച്ചു.