കടയ്ക്കാവൂർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ ജാഗ്രതാ ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സിന്ധിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ചിറയിൻകീഴ് എക്സൈസ് ഓഫീസർ സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് ഓഫീസർ കൃഷ്ണകുമാർ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വക്കം അജിത്ത്, കടയ്ക്കാവൂർ പഞ്ചായത്ത് എ.എസ്. ഷീബ, പഞ്ചായത്ത് ജീവനക്കാരൻ സുജിത്ത്, അംഗൻവാടി അധ്യാപകരും ഹെൽപ്പർമാരും, ഹരിത കർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ, ആശാ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി ആശാ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ, അംഗൻവാടി അധ്യാപകർ, ഹെൽപ്പർമാർ എന്നിവരെ ആദരിച്ചു. ഗാന്ധിജയന്തിയുടെ സന്ദേശമായ ശുചിത്വത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നതായിരുന്നു പരിപാടി.
