വിതുര: മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ കെ. സുകുമാരൻ സ്മാരക പുരസ്കാരത്തിന് കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാലിനെ തിരഞ്ഞെടുത്തു.
വർഷങ്ങളായി വിതുര പ്രാദേശിക ലേഖകനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന മണിലാലിന്റെ വാർത്തകളോടുള്ള സമർപ്പണവും കൃത്യതയും ഉത്തരവാദിത്വവും പരിഗണിച്ചാണ് പുരസ്കാരം.
ഡെസ്കിൽ നിന്ന് നിർദേശിക്കുന്ന വാർത്തകൾ കൃത്യസമയത്ത് ശേഖരിച്ച് ന്യൂസ്ട്രാക്കിലൂടെ അയയ്ക്കുന്നതിലും, വിതുരയ്ക്ക് പുറത്തുള്ള പ്രധാന വാർത്തകൾ ബന്ധപ്പെട്ട ലേഖകരെയും ഡെസ്കിനെയും അറിയിക്കുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ പുലർത്തുന്നു. ഏത് സമയത്തും വാർത്താ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും വിശദാംശങ്ങൾ ചോരാതെ വേഗത്തിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതാണ് മണിലാലിന്റെ പ്രത്യേകത.
സർക്കുലേഷൻ, പരസ്യ വിഭാഗങ്ങൾക്ക് നൽകുന്ന പിന്തുണയും പുരസ്കാരത്തിനായി പരിഗണിച്ചതായി കേരളകൗമുദി യൂണിറ്റ് ചീഫ് ആർ. ചന്ദ്രദത്ത് പറഞ്ഞു.
