ആറ്റിങ്ങല്‍: സ്വകാര്യ ഭൂമിയുടെ വഴിക്ക് തടസ്സമായി വരുന്ന ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്. ആറ്റിങ്ങല്‍ അവനവഞ്ചേരി അമ്പലമുക്കില്‍ എം.പി പണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വെയിറ്റിംഗ് ഷെഡിന്റെ നിര്‍മ്മാണം തടഞ്ഞുകൊണ്ട് ആറ്റിങ്ങല്‍ മുന്‍സിഫ് കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടൂര്‍ പ്രകാശ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും തുക അനുവദിച്ചുകൊണ്ട് നിര്‍മ്മാണം ആരംഭിച്ച ബസ് വെയിറ്റിംഗ് ഷെഡിന് സ്ഥലം ഏറ്റെടുത്ത് നല്‍കിയത് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയാണ്.
ബസ് വെയിറ്റിംഗ് ഷെഡ് വരുന്നതോടെ സ്വകാര്യ ഭൂമിയുടെ വഴി തടസ്സം വരുമെന്നും ഇതിലൂടെ ഭൂമിയുടെ പ്രയോജനം ഇല്ലാതാകുമെന്നും ചൂണ്ടിക്കാണിച്ചാണ് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചത്. സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തം ഭൂമിയുടെ ഏത് വശത്തുകൂടിയും വഴി ഉപയോഗിക്കാം എന്ന അവകാശം മുന്‍നിര്‍ത്തിയാണ് കേസ് ഫയല്‍ ചെയ്തത്. കേസില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍, ആറ്റിങ്ങല്‍ നഗരസഭ, കോണ്ട്രാക്ടര് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും എതിര്‍കക്ഷികള്‍. വാദി ഭാഗത്തിനു വേണ്ടി ആറ്റിങ്ങല്‍ കോടതിയിലെ അഡ്വ:അജിന് പ്രഭ ഹാജരായി.
