വർക്കല: പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിന്റെ വിരോധത്തിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി തകർക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ വർക്കല ശിവഗിരി സ്വദേശി ബോബി (22)ക്കെതിരെ കൊല്ലം സ്വദേശിനിയായ യുവതി വർക്കല പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവം ട്രെയിനിലും റെയിൽവേ പ്ലാറ്റ്ഫോമിലും നടന്നതിനാൽ കേസ് തിരുവനന്തപുരം റെയിൽവേ പോലീസിന് കൈമാറി.
കഴിഞ്ഞ ഒൻപതിന് രാത്രി തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് അമൃത എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ പ്രതി നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും യുവതി ഫോൺ എടുത്തില്ലെന്നാണ് പരാതിയിൽ പറയുന്നത്.
രാത്രി 9.30-ഓടെ ട്രെയിൻ വർക്കല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ വിൻഡോ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന യുവതിയെ പ്ലാറ്റ്ഫോമിൽനിന്ന് പ്രതി തോളിൽ തട്ടി വിളിച്ചുണർത്തി ഫോൺ എടുക്കാത്തതിനെക്കുറിച്ച് ചോദ്യം ചെയ്തതായാണ് ആരോപണം. വിളിക്കുമ്പോൾ ഫോൺ എടുക്കേണ്ട ആവശ്യമില്ലെന്ന് യുവതി മറുപടി നൽകിയതോടെ പ്രതി പ്രകോപിതനായി അസഭ്യം പറയുകയും കഴുത്തിൽ ശക്തിയായി ഇടിക്കുകയും ചെയ്തെന്നാണ് പരാതി.
തുടർന്ന് യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി പ്രതി പ്ലാറ്റ്ഫോമിലൂടെ നടന്നുപോയതായും ഫോൺ തിരികെ വാങ്ങാൻ ട്രെയിനിൽനിന്ന് ഇറങ്ങി പ്രതിയെ സമീപിച്ചപ്പോൾ വീണ്ടും മർദിച്ചതായും യുവതി പോലീസിന് മൊഴി നൽകി.
ഫോൺ തിരികെ ആവശ്യപ്പെട്ട് പ്രതിയെ പിന്തുടർന്ന് ശിവഗിരിയിലെ വീട്ടിലെത്തിയപ്പോൾ വീടിന് മുന്നിൽവെച്ചും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും വയറ്റിൽ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തെന്നാണ് പരാതിയിലുള്ളത്. ഏകദേശം 15,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ സമീപത്തെ മതിലിൽ അടിച്ച് തകർത്തതായും യുവതി ആരോപിച്ചു.
സംഭവത്തിൽ വർക്കല പോലീസ് രജിസ്റ്റർ ചെയ്ത കേസ് തുടർനടപടികൾക്കായി തിരുവനന്തപുരം റെയിൽവേ പോലീസിന് കൈമാറി. അന്വേഷണം തുടരുകയാണ്.
