കല്ലമ്പലം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സംഘടിപ്പിക്കാത്തതിനെച്ചൊല്ലി കോൺഗ്രസ് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ്. വിഷയം ചർച്ച ചെയ്യാൻ അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജലാലുദ്ദീന്റെ നേതൃത്വത്തിൽ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.
സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കേണ്ട കേരളോത്സവം നടത്തുന്നതിൽ ഭരണസമിതി വീഴ്ച വരുത്തുകയാണെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം.
കേരളോത്സവം സംഘടിപ്പിക്കുന്നതിനായി ഫണ്ട് വകയിരുത്തുകയോ സംഘാടക സമിതി രൂപീകരിക്കുകയോ ചെയ്യാത്തത് പഞ്ചായത്തിലെ യുവജനങ്ങളുടെ കായിക-സാംസ്കാരിക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
കേരളോത്സവത്തിലൂടെ ബ്ലോക്ക്, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ യുവതീ-യുവാക്കൾക്ക് അവസരം ലഭിക്കേണ്ടതുണ്ട്. എന്നാൽ, ഭരണസമിതിയുടെ അനാസ്ഥമൂലം ഈ അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
ഉടൻ അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ച് കേരളോത്സവത്തിന്റെ തീയതി പ്രഖ്യാപിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് എൽ.ഡി.എഫിന്റെ ആവശ്യം. ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജലാലുദ്ദീൻ അറിയിച്ചു.
