വർക്കല: മാനസിക വെല്ലുവിളി നേരിടുന്ന വയോധികയെ വഴിയിൽ തടഞ്ഞ് വസ്ത്രങ്ങൾ വലിച്ചുകീറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വർക്കല മൈതാനം സ്വദേശികളായ നൗഷാദ് (46), ജയൻ (54) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം ഏഴിന് പുലർച്ചെ 5.30-ഓടെയായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികയെയാണ് പ്രതികൾ അതിക്രമത്തിന് ഇരയാക്കിയത്. അവശനിലയിലായ വയോധികയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് വർക്കല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
