കല്ലമ്പലം: ദേശീയപാതയോട് ചേർന്നുള്ള പണി പൂർത്തിയാകാത്ത റോഡിൽ കാറിനുള്ളിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.
കിളിമാനൂർ തട്ടത്തുമല എ.എസ്. ഭവനിൽ ഡോ. ആഷിക് (25) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ MBBS വിദ്യാർത്ഥിയായിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കല്ലമ്പലത്തിനും തട്ടുപാലത്തിനും ഇടയിൽ ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ കാറിനുള്ളിൽ ആഷിക്കിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ കിളിമാനൂരിലെ വീട്ടിൽനിന്ന് പള്ളിക്കലിലേക്കും തുടർന്ന് കല്ലമ്പലത്തേക്കും പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് ആഷിക് പുറപ്പെട്ടതെന്ന് ആക്ഷികിൻ്റെ പിതാവ് അൻസർ അറിയിച്ചു. എന്നാൽ പറഞ്ഞ സമയത്ത് വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പിതാവ് അൻസർ സുഹൃത്തിനൊപ്പം അന്വേഷണം ആരംഭിച്ചു.
കല്ലമ്പലം പോലീസിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കല്ലമ്പലം–തട്ടുപാലം ഭാഗത്ത് ആഷിക്കിന്റെ കാർ കണ്ടെത്തിയത്.
കാറിനുള്ളിൽ സീറ്റ് നിവർത്തിവെച്ച് ചാരി കിടക്കുന്ന നിലയിലായിരുന്നു ആഷിക്. കാറിനുള്ളിൽ എന്തോ കത്തിച്ചതിന്റെ പുക പടലങ്ങൾ ഉണ്ടായിരുന്നതായും വിവരമുണ്ട്.
തുടർന്ന് പോലീസിൻ്റെ സഹായത്തോടെ ആഷിക്കിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി.
മരണകാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചു. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്
