വർക്കല: വർക്കല നഗരസഭ തച്ചൻകോണം വയോമിത്രം യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി സംഘടിപ്പിച്ച വിനോദയാത്ര വേറിട്ട അനുഭവമായി. നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ വർക്കല താലൂക്ക് ഓഫീസിന് സമീപത്തുനിന്നാണ് വയോജനങ്ങൾ ഉൾപ്പെട്ട സംഘം യാത്ര തിരിച്ചത്.കൊല്ലം ജില്ലയിലെ മൺട്രോത്തുരുത്തിലേക്കായിരുന്നു യാത്ര. കൊല്ലത്ത് എത്തിയ സംഘം മൺട്രോത്തുരുത്ത് സന്ദർശിക്കുന്നതിനായി ബോട്ട് യാത്ര നടത്തുകയും ചെയ്തു.
കായലുകളിലൂടെയും ജലാശയങ്ങളിലൂടെയുമുള്ള ബോട്ട് യാത്ര വയോജനങ്ങൾക്ക് ഏറെ ആസ്വാദ്യകരവും വേറിട്ട അനുഭവവുമായി. പ്രകൃതിഭംഗി ആസ്വദിച്ചും പരസ്പരം സൗഹൃദം പങ്കിട്ടുമാണ് സംഘം യാത്ര തുടർന്നത്.
വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ബയോമിത്രം യൂണിറ്റിന്റെ നേതൃത്വത്തിൽ വിനോദയാത്ര സംഘടിപ്പിച്ചത്. ദിവസം മുഴുവൻ നീണ്ട യാത്രയ്ക്കുശേഷം വൈകുന്നേരം അഞ്ചുമണിയോടെ സംഘം വർക്കലയിൽ തിരിച്ചെത്തി.
യാത്രയിൽ പങ്കെടുത്ത വയോജനങ്ങൾക്ക് മൺട്രോത്തുരുത്തിലേക്കുള്ള ബോട്ട് യാത്രയും അവിടത്തെ പ്രകൃതിദൃശ്യങ്ങളും പുതിയ അനുഭവമായി.
