വർക്കല : ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസിവര്യനും ബ്രഹ്മവിദ്യാലയത്തിലെ ആദ്യ വിദ്യാർഥിയുമായിരുന്ന ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദയുടെ 78-ാം ജന്മദിനാചരണം നടന്നു.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നവരെ ആദരിച്ചു.
ശ്രീനാരായണ ആദിവേദിക് വിശ്വവിദ്യാപീഠം എഡ്യൂക്കേഷണൽ ട്രസ്റ്റ് , ശ്രീനാരായണ വേൾഡ് പീസ് റിസർച്ച് സെന്റർ, ഗുരുദർശനം ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശിവഗിരി മഠത്തിലെ സമാധിക്ക് സമീപം പ്ലാവിൻചുവട്ടിൽ നടന്ന ചടങ്ങിൽ കർമരത്ന പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ന്യൂറോ വിഭാഗം ഡോക്ടർ റിറ്റി പ്രഭാകരൻ, മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള അംഗീകാരമായി എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസർച്ച് കൗൺസിൽ പ്രസിഡന്റ് സഞ്ജീവ് എസ്.ജെ., വർക്കല നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവരെ കർമരത്ന പുരസ്കാരം നൽകി ആദരിച്ചു.
സ്വാമി സുരേശ്വരാനന്ദ,സ്വാമി നാരായണധർമവൃതൻ, സ്വാമി ശ്രീനാരായണദാസ് എന്നിവർ ചേർന്ന് പുരസ്കാരങ്ങളും ആദരവുകളും സമ്മാനിച്ചു.ശുചിത്വ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹിക സേവനത്തിലും നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് വർക്കല നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രത്യേക ആദരം നൽകിയത്.
ശ്രീനാരായണ ആദിവേദിക് വിശ്വവിദ്യാപീഠം ജനറൽ സെക്രട്ടറി ബിജു ദേവരാജൻ, ശിവഗിരി മഠത്തിലെ സന്യാസിവര്യന്മാർ, ഗുരുധർമ്മ പ്രചരണസഭാ ഭാരവാഹികൾ, നഗരസഭാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
