കല്ലമ്പലം: വധശ്രമക്കേസിൽ മൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി ലുക്ക് ഔട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. നാവായിക്കുളം കുടവൂർ, ഐയിരമൺനില പുത്തൻവീട്ടിൽ ബാപ്പു എന്ന സുരേഷിനെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
2023 ഡിസംബർ 31ന് രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഐയിരമൺനില പൊതുസ്ഥലത്ത് നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ മദ്യപിച്ച് ബഹളംവെച്ചതുമായി ബന്ധപ്പെട്ട് ബാപ്പുവിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്നായിരുന്നു പ്രതികൾ യുവാക്കളെ ആക്രമിച്ചത്.
ആക്രമണത്തിൽ വിഘ്നേഷിനെയും സുഹൃത്തുക്കളായ നൗഫൽ, മനു, മുഹമ്മദ്, കൃഷ്ണപ്രസാദ് എന്നിവരെയും പ്രതികൾ ലക്ഷ്യമിട്ടു. ഇതിനിടെ ഒന്നാംപ്രതി സുരേഷ് ഇടുപ്പിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് മനു, നൗഫൽ, മുഹമ്മദ് എന്നിവരെ തലയിലും മുഖത്തും താടിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചതായാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം പൊലീസ് പിടിച്ചെടുത്തിരുന്നു.
സംഭവത്തിൽ കല്ലമ്പലം പൊലീസ് Crime No. 01/2024 ആയി വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. രണ്ടാം പ്രതി പ്രദീപിനെയും മൂന്നാം പ്രതി അൻസാറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഒന്നാം പ്രതി വിദേശത്തേക്ക് കടന്ന് ഖത്തറിൽ വെൽഡിങ് ജോലി ചെയ്തുവരികയായിരുന്നു.തുടർന്ന് ഇയാളെ പിടികൂടുന്നതിനായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.
ഓഗസ്റ്റ് 28ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ എസ്.പി. പ്രശാന്തൻ കാണിയുടെ നിർദേശാനുസരണം വർക്കല ഡിവൈ.എസ്.പി. രമേഷ് കുമാറിന്റെ നേതൃത്വത്തിൽ കല്ലമ്പലം സി.ഐ. ദീപു, എസ്.ഐ. മനു എന്നിവരടങ്ങിയ സംഘമാണ് നടപടി സ്വീകരിച്ചത്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
