വർക്കല: വിദ്യാ–ദിശ വർക്കല മണ്ഡലത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മികവുത്സവം 2026 വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
നഗരസഭാ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് വർക്കല എം.എൽ.എ അഡ്വ. വി. ജോയ് ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അദ്ദേഹം അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ചടങ്ങിൽ പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.
വർക്കല മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ ഭാവി പഠന–തൊഴിൽ സാധ്യതകളെക്കുറിച്ച് അവബോധം നൽകുന്നതിനായി കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.വിദ്യാഭ്യാസ മികവ് പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികൾക്ക് ഉന്നത പഠന–തൊഴിൽ മേഖലകളിലേക്ക് ശരിയായ ദിശാബോധം നൽകുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും വിദ്യാഭ്യാസ–സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
