വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ അക്കരവിള ചിറ്റിലക്കാട്ടിൽ സെപ്റ്റിക് ടാങ്കിൽ വീണ വീട്ടമ്മയെ വർക്കല അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. സജീനയാണ് അപകടത്തിൽപ്പെട്ടത്.
കക്കൂസിന്റെ സ്ലാബ് ഇളകിയതിനെ തുടർന്ന് ഏകദേശം 12 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് സജീന വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് കോൺക്രീറ്റ് സ്ലാബും സമീപത്തുണ്ടായിരുന്ന അമ്മിക്കല്ലും അടുപ്പ് ഉൾപ്പെടെയുള്ള ഭാരമേറിയ വസ്തുക്കളും ദേഹത്തേക്ക് വീണതിനാൽ ഇവർക്ക് ചലിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
വിവരം ലഭിച്ച ഉടൻ വർക്കല അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മൂന്ന് സേനാംഗങ്ങൾ ടാങ്കിനുള്ളിലേക്ക് ഇറങ്ങി ഏറെ ശ്രമകരമായി കോൺക്രീറ്റ് സ്ലാബും മറ്റ് തടസ്സങ്ങളും മാറ്റിയ ശേഷമാണ് സജീനയെ സുരക്ഷിതമായി പുറത്തെടുത്തത്. മുഖത്തും കൈയ്ക്കും നിസാര പരിക്കേറ്റ സജീനയെ തുടർചികിത്സയ്ക്കായി വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫീസർ ഹരിലാൽ എസ്. എസ്. നേതൃത്വം നൽകിയ രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ സുനിൽകുമാർ, റെജിമോൻ, ശംഭു, ഷൈൻ, രതീഷ്, പ്രണവ്, വിഷ്ണു, സുൽഫി എന്നിവർ പങ്കെടുത്തു.അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികളും നാട്ടുകാരും അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിനെയും ധീരമായ രക്ഷാപ്രവർത്തനത്തെയും അഭിനന്ദിച്ചു.
